ഇന്ധനനികുതി കുറയ്ക്കൽ; തങ്ങൾ പ്രധാനം നൽകുന്നത് ജനങ്ങൾക്കാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനനികുതി കുറച്ചതിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങൾ പ്രധാനം നൽകുന്നത് ജനങ്ങൾക്കാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധനനികുതി കുറയ്ക്കാനുള്ള തീരുമാനം രാജ്യത്തെ വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങളെ നേരിട്ട് സ്വാധീനിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പെട്രോൾ, ഡീസൽ വിലയിൽ വരുന്ന കുറവ് ജനങ്ങളുടെ ജീവിതം സുഗമമാക്കാനും അവരുടെ മേലുള്ള ഭാരം കുറയ്ക്കാനും സഹായിക്കും. ഉജ്ജ്വല യോജന പദ്ധതിക്കു കീഴിൽ സിലിണ്ടറുകൾക്ക് 200 രൂപ വീതം കുറയ്ക്കാനുള്ള തീരുമാനം കുടുംബ ബഡ്ജറ്റിന് സഹായകരമാകുന്ന തീരുമാനമാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളെ സഹായിക്കുന്ന ഒന്നാണ് സിലിണ്ടറുകൾക്ക് സബ്‌സിഡി ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കേന്ദ്ര സർക്കാർ കുറച്ചത്. കേന്ദ്ര നികുതിയിലാണ് കുറവ് വരുത്തിയത്. ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയും.