പുറങ്കടലിലെ ലഹരി വേട്ട; പിന്നിൽ ഇറാൻ ബന്ധമുളള രാജ്യാന്തര മയക്കുമരുന്ന് സംഘം

കൊച്ചി: ലക്ഷദ്വീപിലെ അഗത്തിക്കടുത്ത് കഴിഞ്ഞ ദിവസം നടന്ന ലഹരി വേട്ടയിൽ നിർണായക കണ്ടെത്തൽ. കളളക്കടത്തിന് പിന്നിൽ ഇറാൻ ബന്ധമുളള രാജ്യാന്തര മയക്കുമരുന്ന് സംഘമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതുസംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

1500 കോടിയുടെ ഹെറോയ്ൻ വേട്ടയാണ് കഴിഞ്ഞ ദിവസം നടന്നത്. ഇറാൻ ബോട്ടിലാണ് അഗത്തിയുടെ പുറങ്കടലിൽ ഹെറോയിൻ എത്തിച്ചത്. ഇവിടെ നങ്കൂരമിട്ട രണ്ട് മത്സ്യബന്ധന ബോട്ടുകളിലേക്ക് ലഹരി മരുന്ന് കൈമാറവെയാണ് അന്വേഷണ സംഘം മേഖലയിലെത്തിയതും ഹെറോയിൻ പിടികൂടിയതും. ഹെറോയിൻ നിറച്ച ചാക്കിന് പുറത്ത് പാകിസ്ഥാൻ ബന്ധം സൂചിപ്പിക്കുന്ന എഴുത്തുകളും ഉണ്ടായിരുന്നു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ ബോട്ടുടമകളെയും ഡിആർഐ പിടികൂടിയിട്ടുണ്ട്. പിടിയിലായ ബോട്ടുടമ ക്രിസ്പിന് ലഹരിമരുന്ന് കടത്തിൽ മുഖ്യപങ്കാളിത്തമുണ്ടെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ബോട്ടിൽ നിന്നും ഒരു സാറ്റ്‌ലൈറ്റ് ഫോണും പിടിച്ചെടുത്തിട്ടുണ്ട്. നിരവധി രാജ്യാന്തര കോളുകൾ ഈ സാറ്റലൈറ്റ് ഫോണിലേക്ക് വന്നിട്ടുണ്ട്. അറബിക്കടലിൽ ഹെറെയിൻ കൈമാറ്റത്തിനുളള ലൊക്കേഷൻ നിശ്ചയിച്ചത് സാറ്റലൈറ്റ് ഫോണിലൂടെയാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ദേശീയ അന്വേഷണ ഏജൻസിയും കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.