തീയണയ്ക്കാൻ ഇനി റോബാർട്ടുകളും അഗ്നിശമനസേനയിലേക്ക് റോബോട്ടുകളെ ഉപയോഗിക്കാൻ ഡൽഹി സർക്കാർ

ന്യൂഡൽഹി: തീയണയ്ക്കാൻ അഗ്നിശമനസേനയിലേക്ക് റോബോട്ടുകളെ ഉപയോഗിക്കാൻ ഡൽഹി സർക്കാർ. ഇതിനായി ഡൽഹി സർക്കാർ റോബോർട്ടുകളെ വാങ്ങുകയും ചെയ്തു. ഇടുങ്ങിയ തെരുവുകൾ, വനം, എണ്ണ, കെമിക്കൽ ടാങ്കറുകൾ, ഫാക്ടറികൾ തുടങ്ങിയ സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആസ്ട്രിയൻ കമ്പനിയിൽ നിന്ന് രണ്ട് റോബോട്ടുകളെയാണ് ഡൽഹി സർക്കാർ വാങ്ങിയത്.

ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിൽ കഴിഞ്ഞ ആഴ്ചയുണ്ടായ തീപിടിത്തത്തിൽ 27 പേർ മരണപ്പെട്ടിരുന്നു. തുടർന്നാണ് അഗ്നി ശ്മന സേനയിൽ റോബോട്ടുകളെ കൂടി ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. ഇടുങ്ങിയ പാതകളിലൂടെ സഞ്ചരിക്കാനും മനുഷ്യർക്ക് കടന്നു ചെല്ലാൻ സാധിക്കാത്ത സ്ഥലങ്ങളിലേക്ക് എത്തിച്ചേരാനും ഈ റോബോട്ടുകൾക്ക് കഴിവുണ്ട്. റിമോട്ട് വഴി ഈ റോബോട്ടുകളെ നിയന്ത്രിക്കാം. ആദ്യമായാണ് രാജ്യത്ത് ഇത്തരമൊരു സംവിധാനം എത്തിക്കുന്നതെന്ന് ഡൽഹി ആഭ്യന്തര മന്ത്രി സത്യേന്ദർ ജയിൻ അറിയിച്ചു.

മിനിറ്റിൽ 2400 ലിറ്റർ എന്ന തോതിൽ ജലം പ്രവഹിക്കാൻ റോബോട്ടുകൾക്ക് കഴിയും. പരീക്ഷണം വിജയിച്ചാൽ കൂടുതൽ റോബോട്ടുകളെ സേനയിൽ എത്തിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.