ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കാറുണ്ടോ; ഇക്കാര്യം ശ്രദ്ധിക്കൂ….

എണ്ണ ചേർത്തുണ്ടാക്കിയ ഭക്ഷണങ്ങൾ നമ്മളിൽ പലർക്കും ഒരുപാട് ഇഷ്ടമാണ്. എന്നാൽ, ചിലർ ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കാറുണ്ട്. ഇത് ധാരാളം ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെയ്ക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതിലൂടെ ഹൃദ്രോഗം, ഡിമെൻഷ്യ, അൽഷിമേഴ്സ്, പാർക്കിൻസൺസ് രോഗം എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. എണ്ണ വീണ്ടും ചൂടാക്കുമ്പോൾ, മറ്റൊരു ഹാനികരമായ തന്മാത്ര പുറത്തുവരുന്നു. 4-ഹൈഡ്രോക്‌സി-ട്രാൻസ്-2-നാമിനൽ (HNE) എന്ന തന്മാത്രയാണ് പുറത്തു വന്നിട്ടുള്ളത്. ഇത് വിഷവും ശരീരത്തിന് അപകടകരവുമാണെന്ന് വിദഗ്ധർ പറയുന്നു.

ഉയർന്ന ഊഷ്മാവിൽ എണ്ണ ചൂടാക്കുമ്പോൾ ചില കൊഴുപ്പുകൾ ട്രാൻസ് ഫാറ്റുകളായി രൂപാന്തരപ്പെടുന്നു. സ്‌മോക്ക്ഡ് ബ്ലാക്ക് ഓയിൽ വീണ്ടും ചൂടാക്കുമ്പോൾ, അത് കൂടുതൽ ട്രാൻസ് ഫാറ്റുകൾ ഉത്പാദിപ്പിക്കുന്നു. ട്രാൻസ് ഫാറ്റ് ഉപഭോഗം ശരീരത്തിൽ എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.

ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുമ്പോൾ അപകടകരമായ സംയുക്തങ്ങളായ പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ, ആൽഡിഹൈഡുകൾ എന്നിവ ഉൾപ്പെടുന്നു. ഇത് കാൻസർ, ശരീരത്തിലെ വീക്കം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.