ആശ്വാസ നടപടി; കേന്ദ്രസർക്കാരിന് 30,307 കോടി രൂപയുടെ ലാഭവിഹിതം അനുവദിച്ച് റിസർവ് ബാങ്ക്

ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷത്തിലേക്കായി കേന്ദ്രസർക്കാരിന് 30,307 കോടി രൂപയുടെ ലാഭവിഹിതം അനുവദിച്ച് റിസർവ് ബാങ്ക്. റഷ്യ-യുക്രൈൻ സംഘർഷവും ലോക സമ്പദ് വ്യവസ്ഥയിലെ സമ്മർദ്ദവും തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന് ലാഭവിഹിതം നൽകാൻ ആർബിഐ തീരുമാനിച്ചത്.

ഗവർണർ ശക്തികാന്ത ദാസിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ആർ.ബി.ഐയുടെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ 596-ാമത് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. രാജ്യത്തെ അടിയന്തര സാമ്പത്തികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കണ്ടിജൻസി റിസ്‌ക് ബഫർ 5.50 ശതമാനമായി നിലനിർത്താൻ തീരുമാനിച്ചതായും ആർബിഐ അറിയിച്ചു.

എല്ലാ വർഷവും സർക്കാരിന്റെ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിനായി റിസർവ് ബാങ്ക് ഒരു തുക ലാഭവിഹിതം നൽകാറുണ്ട്. 2021 മെയ് മാസം ഒമ്പത് മാസ കാലയളവിലേക്ക് കേന്ദ്ര സർക്കാരിന് 99,122 കോടി രൂപ ലാഭവിഹിതം ആർബിഐ പ്രഖ്യാപിച്ചിരുന്നു.