പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ വിചാരണ ഘട്ടത്തിൽ ശേഖരിക്കണം; വധശിക്ഷയുമായി ബന്ധപ്പെട്ട് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: വധശിക്ഷയുമായി ബന്ധപ്പെട്ട് പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീം കോടതി. വിചാരണകോടതികൾ പകവീട്ടൽ പോലെയാണ് വധശിക്ഷ വിധിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വിചാരണ ഘട്ടത്തിൽ തന്നെ ശേഖരിക്കണമെന്നും പ്രതിയുടെ മനോനിലയെ കുറിച്ച് സർക്കാരിന്റെയും ജയിൽ അധികൃതരുടെയും റിപ്പോർട്ട് തേടണമെന്നും കോടതി നിർദ്ദേശിച്ചു.

പ്രതി പശ്ചാത്തപിക്കാനും മാറാനും സാദ്ധ്യതയുണ്ടോയെന്ന് സൂക്ഷ്മ പരിശോധന നടത്തണം. കുടുംബപശ്ചാത്തലം ഉൾപ്പെടെ എല്ലാ വിവരങ്ങളും ശേഖരിക്കണം. ഇവയെല്ലാം പരിശോധിച്ച ശേഷം മാത്രമേ വധശിക്ഷയിലേക്ക് പോകാവൂ. സുപ്രീംകോടതി ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. 2015 ൽ മദ്ധ്യപ്രദേശിൽ നടന്ന ഒരു കേസിന്റെ വിധിപ്രസ്താവനയുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ വിധി. ഹൈക്കോടതി ശരിവച്ച ആറിൽ മൂന്നുപേരുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.