അധികം മിനുക്കേണ്ട; എംവിഡി പുറകേയുണ്ട്‌

തിരൂരങ്ങാടി: വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി മറ്റ് യാത്രക്കാര്‍ക്ക് അപകടകരമായ രീതിയില്‍ കറങ്ങിയ ജീപ്പ് മഞ്ചേരിയില്‍ വെച്ച് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയും 26,000 രൂപ പിഴയീടാക്കുകയും ചെയ്തു.

ഇന്‍ഷുറന്‍സ് ഇല്ലാതെയും, നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാതെയും, വാഹനത്തിന്റെ ബോഡികളിലും ടയറുകളിലും രൂപമാറ്റം വരുത്തിയും, ആവശ്യത്തിന് ലൈറ്റുകളില്ലാതെയും, കളര്‍ ലൈറ്റുകള്‍ സ്ഥാപിച്ചും, വാഹനത്തിന്റെ കളര്‍ മാറ്റിയും, എയര്‍ഹോണ്‍ ഉപയോഗിച്ചും ഓടിക്കൊണ്ടിരുന്ന വാഹനമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വലയിലായത്. കോട്ടക്കലില്‍ വെച്ച് ഒരു ഇരുചക്ര വാഹനത്തിനും 15,000 രൂപ പിഴയീടാക്കി.

റോഡിന്റെ ഇരുവശങ്ങളിലുമായി താമസിക്കുന്നവര്‍ക്ക് ശല്യവും, ഭീഷണിയും കൂടുന്ന പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്.