ഇടിക്കൂട്ടില്‍ സ്വര്‍ണം നേടി നിഖാത് സരീന്‍

ഇസ്താംബുള്‍: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ നിഖാത് സരീന്‍. 52 കിലോ വിഭാഗത്തിലാണ് താരം ലോക ചാമ്ബ്യന്‍പട്ടം സ്വന്തമാക്കിയത്. ഇതോടെ വനിതാ ലോകചാമ്പ്യന്‍ഷിപ്പില്‍ സുവര്‍ണ നേട്ടം കുറിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി മാറി നിഖാത്. ജൂനിയര്‍ വിഭാഗത്തിലെ മുന്‍ ലോകചാമ്ബ്യന്‍ കൂടിയാണ് ഇവര്‍.

തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടന്ന ഫൈനലില്‍ 52 കിലോ വിഭാഗത്തിലാണ് തെലങ്കാനയിലെ നിസാമാബാദില്‍ നിന്നുള്ള ഇരുപത്തിയഞ്ചുകാരി സരീന്‍ സ്വര്‍ണം നേടിയത്. വ്യാഴാഴ്ച നടന്ന ഫൈനലില്‍ തായ്ലന്‍ഡിന്റെ ജിറ്റ്‌പോങ്‌ ജിറ്റാമാസിനെയാണു സരീന്‍ തോല്‍പിച്ചത്. ഫൈനല്‍ പോരാട്ടത്തില്‍ ആധികാരിക ജയത്തോടെയാണ് (5 – 0), (30 – 27, 29- 28, 29- 28, 30- 27, 29 – 28) നിഖാത്ത് സരിന്റെ സ്വര്‍ണ നേട്ടം.

ഫൈനല്‍ പോരാട്ടത്തില്‍ നാല് റൗണ്ടുകളിലും മുന്നേറിയ താരം 5-0ത്തിന് വിജയവും സ്വര്‍ണവും പിടിച്ചെടുക്കുകയായിരുന്നു. ലോക ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതാ താരമായും ഇതോടെ നിഖാത് മാറി. ആറ് തവണ ലോക ചാമ്ബ്യനായ എം സി മേരി കോം, സരിതാ ദേവി, ജെന്നി ആര്‍ എല്‍, ലേഖ സി എന്നിവരാണ് ലോക കിരീടം നേടിയ ഇന്ത്യന്‍ വനിതാ ബോക്സര്‍മാര്‍.