വാഹനങ്ങള്‍ക്ക് ഭാരത് സീരിസ് രജിസ്‌ട്രേഷന്‍ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണെന്ന് ചൂണ്ടിക്കാട്ടി വാഹനങ്ങള്‍ക്ക് ബിഎച്ച് സീരിസ് രജിസ്‌ട്രേഷന്‍ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍. പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരാതെയാണ് ബിഎച്ച് സീരിസ് രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നതെന്നും അപ്പീലില്‍ ആരോപിക്കുന്നു.

സ്ഥാപനങ്ങളുടെയും, ജീവനക്കാരുടെയും വാഹനങ്ങള്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍വാഹന നിയമത്തില്‍ ഭേദഗതി വരുത്തി ബിഎച്ച് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 29ലെ ഉത്തരവ് മെയ് 17നകം പാലിച്ചില്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, എറണാകുളം ആര്‍ടിഒ എന്നവര്‍ മെയ് 20ന് ഹാജരാകണമെന്നാണ് ജസ്റ്റിസ് സതീഷ് നൈനാന്‍ ഉത്തരവിട്ടിരിക്കുന്നത്.

കാലടിയിലെ മേരിസദന്‍ പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ബിബി ബേബി നല്‍കിയ ഹര്‍ജിയിലാണ് വാഹനത്തിന് ബിഎച്ച് രജിസ്‌ട്രേഷന്‍ നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്.