സസ്യാഹാരികളാണോ; വൈറ്റമിൻ ബി 12 കുറയാതിരിക്കാൻ ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തണം

സ്യാഹാരികളായ നിരവധി പേർ നമ്മുടെ സമൂഹത്തിലുണ്ട്. കൊളസ്‌ട്രോൾ, പ്രമേഹം എന്നിവയെ നിയന്ത്രിക്കാൻ സസ്യാഹാരം ശീലമാക്കുന്നത് നല്ലതാണെങ്കിലും വൈറ്റമിൻ ബി 12 പോലുള്ള പോഷകങ്ങളുടെ കുറവ് സസ്യാഹാരികളിലുണ്ടാകാനിടയുണ്ട്. സസ്യാഹാരികൾ വൈറ്റമിൻ ബി 12 കുറയാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പാലിലും പാലുത്പന്നങ്ങളിലും വൈറ്റമിൻ ബി 12 പോഷക ഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. പാലിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി12 ശരീരത്തിന് വലിച്ചെടുക്കാനും എളുപ്പമാണ്. ന്യൂട്രീഷണൽ യീസ്റ്റിലും വൈറ്റമിൻ ബി 12 വലിയ തോതിലുണ്ട്. പോപ്‌കോണിലോ സാലഡിലോ വിതറിയോ സൂപ്പിൽ ചേർത്തോ ന്യൂട്രീഷണൽ യീസ്റ്റ് കഴിക്കാം.

വൈറ്റമിൻ ബി 12 ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുവാണ് യോഗർട്ട്. മാംസാഹാരത്തിൽ കോഴിയിറച്ചിയിലും പോർക്ക് ഇറച്ചിയിലുമാണ് വൈറ്റമിൻ ബി 12 ധാരാളമായി അടങ്ങിയിരിക്കുന്നത്. കോഴിയിറച്ചിയിലെയോ പോർക്ക് ഇറച്ചിയിലെയോ വൈറ്റമിൻ ബി 12നേക്കാൾ എളുപ്പത്തിൽ യോഗർട്ടിലെ വൈറ്റമിൻ ബി 12 ശരീരത്തിന് വലിച്ചെടുക്കാൻ കഴിയും. സോയ പനീറിലും വൈറ്റമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് നല്ലതാണ്.