കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിയ്ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയ്ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടി. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് കോടതി ബിനീഷ് കോടിയേരിയ്ക്ക് നോട്ടീസ് അയച്ചത്.

ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ തുടങ്ങിയവർ അടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ ബംഗളുരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീം കോടതിയെ സമീപിച്ചത്. അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജാണ് എൻഫോഴ്‌സ്‌മെന്റിന് വേണ്ടി ഹാജരായത്. കള്ളപ്പണ ഇടപാടിൽ ബിനീഷിനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. ലഹരിക്കടത്ത് കേസിൽ പിടിയിലായ അനൂപ് മുഹമ്മദുമായി ചേർന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. സാമ്പത്തിക സ്രോതസ് സംബന്ധിച്ച് ബിനീഷിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. കേസിൽ ഇനിയും ചിലരെ ചോദ്യം ചെയ്യാനുണ്ട്. അതിനാൽ ബിനീഷിന് ജാമ്യം നൽകിയത് കേസിനെ ബാധിക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്ടി.