ഉപയോക്താക്കളിൽ നിന്ന് വ്യാപക പരാതികൾ; ഒലയ്ക്കും യൂബറിനും നോട്ടീസ് അയച്ച് കേന്ദ്രം

ന്യൂഡൽഹി: ഒലയ്ക്കും യൂബറിനും നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ. ഉപയോക്താക്കളിൽ നിന്ന് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. യാത്രാനിരക്കുകൾ, ക്യാബുകൾക്കുള്ളിൽ എയർ കണ്ടീഷനിംഗ് നിഷേധിക്കുന്ന ഡ്രൈവർമാർ, മര്യാദയില്ലാത്ത പെരുമാറ്റം, ഓർഡർ റദ്ദാക്കലുകൾ എന്നിവ സംബന്ധിച്ചാണ് ഉപഭോക്താക്കൾ പരാതി ഉയർത്തിയത്.

ഇത്തരം പരാതികളിൽ ഉപയോക്താക്കളുടെ അവകാശലംഘനമുണ്ടെന്ന് കേന്ദ്രം നോട്ടീസിൽ വ്യക്തമാക്കുന്നു. 15 ദിവസത്തെ സമയമാണ് നോട്ടീസിന് മറുപടി നൽകാൻ കമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ളത്. ശരിയായ ഉപഭോക്തൃ പരാതി പരിഹാര സംവിധാനത്തിന്റെ അഭാവം, സേവനങ്ങളിലെ കുറവ്, അകാരണമായ റദ്ദാക്കൽ, ചാർജുകൾ സംബന്ധിച്ച വിഷയം തുടങ്ങിയവയാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, ഒല, യൂബർ ഉപഭോക്തൃകാര്യ മന്ത്രാലയം അധികൃതരുമായി ചർച്ച നടത്തിയിരുന്നു. യാത്രക്കാരിൽ നിന്നുയർന്ന വ്യാപകമായ പരാതികളെ തുടർന്നാണ് രണ്ടാം തവണയും ചർച്ച നടത്തിയത്. ഒല, ഉബർ, മേരു, റാപിഡോ, ജുഗ്നു കമ്പനികളുടെ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്. പിന്നീടാണ് നോട്ടീസ് അയക്കുന്ന നടപടികളിലേക്ക് അധികൃതർ കടന്നത്.