പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് വിളിക്കുന്നവർ ആരാണെന്നറിയാൻ ഇനി ട്രൂ കോളർ വേണ്ട; സംവിധാനവുമായി ട്രായ്

പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് കോളുകൾ വരുമ്പോൾ അവ തിരിച്ചറിയാനായി നാം ആശ്രയിക്കുന്നത് ട്രൂ കോളർ പോലുള്ള ആപ്പുകളെയാണ്. എന്നാൽ ചിലർ ഇത്തരം കോളർ ഐഡന്റിഫിക്കേഷൻ ആപ്പുകൾ ഉപയോഗിക്കാൻ തയ്യാറല്ല. എന്നാൽ അത്തരക്കാർക്കായി കോളർ ഐ.ഡി ആപ്പുകൾ ഉപയോഗിക്കാതെ തന്നെ വിളിച്ചത് ആരാണെന്ന് അറിയാനുള്ള മാർഗം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ആളുകൾ സിം കാർഡ് എടുക്കാൻ ഉപയോഗിക്കുന്ന തിരിച്ചറിയൽ കാർഡിലെ പേര് ഉപയോഗിക്കുന്ന മാർഗമാണ് ട്രായ് നടപ്പിലാക്കുന്നത്.

ഫോണിലേക്ക് വരുമ്പോൾ വിളിക്കുന്നത് ആരാണെന്നറിയാൻ ഈ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സേവ് ചെയ്യാത്ത നമ്പരാണെങ്കിൽ വിളിക്കുന്നയാളുടെ ശരിയായ പേര് സ്‌ക്രീനിൽ തെളിയും. കോളർ ഐ ഡി വെളിവാക്കുന്ന മറ്റ് ആപ്പുകളെക്കാളും സുതാര്യതയും ട്രായ് ഉറപ്പു നൽകുന്നുണ്ട്. കെ.വൈ.സി അധിഷ്ഠിതമായിട്ടായിരിക്കും ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്.

സ്പാം കോളുകളും സന്ദേശങ്ങളും തടയാനായി ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും ട്രായ് നടപ്പിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ട്രായ്യുടെ നീക്കത്തെ സ്വാഗതം ചെയ്ത് ട്രൂകോളറിന്റെ വക്താവ് രംഗത്തെത്തിയിട്ടുണ്ട്. സ്പാം, സ്‌കാം കോളുകൾ തടയാൻ നമ്പർ തിരിച്ചറിയൽ നിർണായകമാണെന്നും കഴിഞ്ഞ 13 വർഷമായി ഞങ്ങളിതിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.