അഭിമാന നേട്ടം; ലോകത്തെ അതിശക്തരായ വ്യോമസേനകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി ഇന്ത്യ

ന്യൂഡൽഹി: ലോകത്തെ അതിശക്തരായ വ്യോമസേനകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി ഇന്ത്യ. ചൈന, ജപ്പാൻ, ഫ്രാൻസ്, ഇസ്രായേൽ തുടങ്ങിയ വൻ ശക്തികളെ പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. അമേരിക്കയാണ് അതിശക്തരായ വ്യോമസേനകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. റഷ്യയാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.

വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റിന്റെ (ഡബ്ലു ഡി എം എം എ) 2022-ലെ റാങ്കിംഗിലാണ് ഇന്ത്യ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്. വ്യോമസേനയുടെ ശക്തിക്കൊപ്പം ആക്രമിക്കാനും പ്രതിരോധിക്കാനുമുള്ള ശേഷി, ലോജിസ്റ്റിക്കൽ സപ്പോർട്ട്, ആധുനിക വത്കരണം എന്നിവ വിലയിരുത്തിയശേഷമാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. സേനയുടെ പക്കലുള്ള വിമാനങ്ങളുടെ എണ്ണത്തിനൊപ്പം അവയുടെ പ്രവർത്തന മികവ്, വെവ്വേറെ ദൗത്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാവുന്ന വിവിധതരം വിമാനങ്ങളുടെ ലഭ്യത എന്നിവയും റാങ്കിംഗിൽ പരിഗണിക്കുന്നതാണ്.

സേനയുടെ പ്രവൃത്തിപരിചയം, നടപ്പാക്കിയ പ്രത്യേക ദൗത്യങ്ങൾ, പരിശീലനം, മറ്റ് സൈനിക വിഭാഗങ്ങൾക്ക് നൽകുന്ന വ്യോമ പിന്തുണ തുടങ്ങിയ കാര്യങ്ങളും റാങ്കിംഗിന് വേണ്ടി പരിഗണിക്കും. ഓരോ രാജ്യങ്ങളിലെയും വ്യോമസേനകളെ റാങ്കിംഗ് തയ്യാറാക്കുന്നതിന് മുൻപ് സസൂഷ്മം നിരീക്ഷിക്കും. തുടർന്നാണ് പട്ടിക തയ്യാറാക്കുന്നത്.

അതേസമയം, 632 യുദ്ധവിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ളത്. 438 ഹെലികോപ്ടറുകളുമുണ്ട്. 250 ട്രാൻസ്‌പോർട്ട് വിമാനങ്ങളും 304 പരിശീലന വിമാനങ്ങളും സൈന്യത്തിന്റെ പക്കലുണ്ട്..