ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ഥികള്‍; 2000 ത്തിലധികം കഞ്ചാവ് മിഠായികൾ പിടിച്ചെടുത്ത് എക്സൈസ്

ആലപ്പുഴ: 2000 ത്തിലധികം കഞ്ചാവ് മിഠായികൾ എക്‌സൈസ് പിടികൂടി. ചേർത്തല അരൂരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശികളായ രാഹുൽ സരോജ്, സന്തോഷ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. കുട്ടികൾക്ക് വിൽക്കാനായി സൂക്ഷിച്ചിരുന്ന മിഠായികളും, കഞ്ചാവും, പത്ത് കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

ചേർത്തല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ റ്റി പി സജീവ്കുമാർ നേതൃത്വം കൊടുത്ത പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പി റ്റി ഷാജി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനിലാൽ പി, സിഇഒമാരായ സാജൻ ജോസഫ്, മോബി വർഗീസ്, മഹേഷ് കെ യു, സിഇഒ ഡ്രൈവർ രജിത് കുമാർ എന്നിവർ പങ്കെടുത്തു.

ചേർത്തല താലൂക്കിലെ ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ 940 006 9483, 0478 – 2813 126 എന്നീ നമ്പരുകളിൽ നൽകാവുന്നതാണ്. വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് എക്‌സൈസ് വ്യക്തമാക്കി.

അതേസമയം, സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വർക്കല റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നും പത്ത് കിലോയോളം കഞ്ചാവ് പിടികൂടി മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, വർക്കല റെയിഞ്ച് പാർട്ടിയും ചേർന്നായിരുന്നു ഓപ്പറേഷൻ. വർക്കല റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നാണ് രാജേന്ദ്രൻ, ഉണ്ണി എന്ന് വിളിക്കുന്ന സതീഷ് എന്നിവരെ കഞ്ചാവുവുമായി പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനായ അനി എന്നയാളെയും സ്‌ക്വാഡ് സംഘം അറസ്റ്റ് ചെയ്തു.

സ്റ്റേറ്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർമാരായ ടി. ആർ. മുകേഷ്‌കുമാർ, കെ. വി. വിനോദ്, എസ്. മധുസൂദനൻ നായർ, എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് )ഡി എസ്. മനോജ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, മുഹമ്മദ് അലി,സുബിൻ, രജിത്ത്, അരുൺകുമാർ എം. എം, ബസന്ത് കുമാർ, രജിത് ആർ.നായർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രാജീവ് എന്നിവരും വർക്കല റെയിഞ്ച് ഇൻസ്പെക്ടർ സജീവും, പാർട്ടിയും റെയ്ഡിൽ പങ്കെടുത്തു.