കൊവിഡ് വാക്‌സിനേഷനില്‍ കുറവ്; സംസ്ഥാനങ്ങള്‍ ബോധവല്‍ക്കരണം നടത്തണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നിരക്ക് കുറയുന്നതില്‍ അവലോകനയോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാക്‌സിനേഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. അന്താരാഷ്ട്രയാത്രക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസെടുക്കാന്‍ യാത്രയുടെ തെളിവുകള്‍ ഹാജരാക്കേണ്ടതില്ല. സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഇവര്‍ക്ക് മൂന്നാമത്തെ ഡോസ് സ്വീകരിക്കാം. രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്റെ 191 കോടി ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്’- അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, വാക്‌സിനേഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനായി ജൂണ്‍, ജൂലായ് മാസങ്ങളില്‍ ‘ഹര്‍ഘര്‍ ദസ്തക് 2.0’ എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ വൃദ്ധസദനങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ജയിലുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തണം. 12 മുതല്‍ 14 വയസ്സുവരെയുള്ളവരില്‍ വാക്‌സിനേഷന്‍നിരക്ക് കുറവാണ്. ഇത് നികത്താന്‍ വീടുകയറിയും പ്രചാരണം സംഘടിപ്പിക്കണമെന്നും സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.