പാങ്‌ഗോങ് തടാകത്തിന് കുറുകെ ചൈന പുതിയ പാലം നിർമ്മിക്കുന്നു; സൂക്ഷ്മ നിരീക്ഷണം നടത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പാങ്‌ഗോങ് തടാകത്തിന് കുറുകെ ചൈന പുതിയ പാലം നിർമ്മിക്കുന്നതായുള്ള റിപ്പോർട്ട് സംബന്ധിച്ച്, സൂക്ഷ്മ നിരീക്ഷണം നടത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്.

കിഴക്കൻ ലഡാക്കിന് സമീപത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി പറയപ്പെടുന്ന പ്രദേശം പതിറ്റാണ്ടുകളായി ചൈനയുടെ കൈവശമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതിർത്തിയിൽ ചൈന നിർമ്മിച്ചു എന്ന് പറയപ്പെടുന്ന പാലത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകളും റിപ്പോർട്ടുകളും ഞങ്ങൾ വിശകലനം ചെയ്തു. തടാകത്തിന് കുറുകെ രണ്ടാമതൊരു പാലമാണ് നിർമ്മിക്കുന്നതെന്നും അല്ല, ആദ്യത്തെ പാലം വികസിപ്പിക്കുന്നതാണെന്നും ചില സൂചനകളുണ്ട്. ഇക്കാര്യം സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് അദ്ദേഹം വിശദമാക്കി. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ മാർച്ചിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ, ചൈനയുടെ ഭാഗത്തുനിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ട്. ചൈനയുമായി നയതന്ത്ര – സൈനിക തലത്തിൽ ചർച്ച നടത്തിവരികയാണെന്നും ഇത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.