75ാമത് കാന്‍ ഫെസ്റ്റിവലിന് തുടക്കം

പാരീസ്: 75ാമത് കാന്‍ ഫിലിംഫെസ്റ്റിവലിന് ഫ്രാന്‍സില്‍ തുടക്കം കുറിച്ചു. മെയ് 28 വരെയാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുക. ഒമ്പതംഗ ജൂറിയില്‍ ഇത്തവണ ബോളിവുഡ് താരം ദീപിക പദുകോണുമുണ്ട്. ഇന്ത്യ – ഫ്രഞ്ച് നയതന്ത്ര ബന്ധം 75 വര്‍ഷം പിന്നിടുന്ന വേളയില്‍ കാനില്‍ ഇന്ത്യയ്ക്ക് കണ്‍ട്രി ഒഫ് ഓണര്‍ ബഹുമതി നല്‍കി. ആദ്യമായാണ് ഒരു രാജ്യത്തെ കാനില്‍ ഇത്തരത്തില്‍ ആദരിക്കുന്നത്.

ഷൗനക് സെന്നിന്റെ ‘ഓള്‍ ദാറ്റ് ബ്രീത്ത്’ എന്ന ഡോക്യുമെന്ററി സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് വിഭാഗത്തിലുണ്ട്. സത്യജിത് റേ സംവിധാനം ചെയ്ത ‘ പ്രതിധ്വന്തി’യുടെയും ജി. അരവിന്ദന്റെ ‘ തമ്ബി’ന്റെയും പുതുക്കിയ പതിപ്പുകള്‍ ക്ലാസിക് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. നടന്‍ ആര്‍. മാധവന്റെ ‘ റോക്കട്രി – ദ നമ്ബി ഇഫക്ടി’ന്റെ വേള്‍ഡ് പ്രീമിയര്‍ കാനില്‍ ഇന്ന് നടക്കും. ജയരാജിന്റെ ‘നിറയെ തത്തകളുള്ള മര’വും കാനില്‍ പ്രദര്‍ശിപ്പിക്കുന്ന ആറ് ഇന്ത്യന്‍ ചിത്രങ്ങള്‍ക്കൊപ്പമുണ്ട്. ഹോളിവുഡ് നടന്‍ ടോം ക്രൂസിന്റെ ‘ ടോപ് ഗണ്‍ : മേവറികി’ ന്റെ പ്രീമിയറും ഫെസ്റ്റിവലിലുണ്ട്.

ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍, പൂജ ഹെഗ്ഡെ, കമല്‍ ഹാസന്‍, എ.ആര്‍. റഹ്മാന്‍, നവാസുദ്ദീന്‍ സിദ്ദിഖി, ആര്‍. മാധവന്‍, തമന്ന ഭാട്ടിയ, ഉര്‍വ്വശി റൗട്ടേല, കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ തുടങ്ങിയവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കാനില്‍ എത്തി.