കൊല്‍ക്കത്തയെ വീഴ്ത്തി ലക്‌നൗ പ്ലേ ഓഫില്‍

മുംബൈ: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രണ്ട് റണ്‍സിന്റെ വിജയം നേടി ലക്‌നൗ സൂപ്പര്‍ ജയന്റസ് പ്‌ളേ ഓഫ് ഉറപ്പിച്ചു. ലക്‌നൗ വിക്കറ്റ് നഷ്ടം കൂടാതെ ഉയര്‍ത്തിയ 210 റണ്‍സിനെതിരെ 208/8 എന്ന സ്‌കോറിലെത്താനേ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞുള്ളൂ.ജയത്തിലേക്ക് നീങ്ങിയിരുന്ന കൊല്‍ക്കത്തയ്ക്ക് അവസാന ഓവറിലെ അവസാന രണ്ട് പന്തുകളില്‍ വിക്കറ്റ് നഷ്ടമായതാണ് തിരിച്ചടിയായത്.

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് 20 ഓവറും ബാറ്റ് ചെയ്ത് ഒരു വിക്കറ്റുപോലും നഷ്ടപ്പെടുത്താതെ നേടിയത് 210 റണ്‍സ്. സെഞ്ച്വറി നേടിയ ക്വിന്റണ്‍ ഡികോക്കും (140*) അര്‍ദ്ധസെഞ്ച്വറി നേടിയ നായകന്‍ കെ.എല്‍ രാഹുലും ചേര്‍ന്നാണ് ഐ.പി.എല്‍ ചരിത്രത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ വീരചരിതമെഴുതിയത്. ഐ.പി.എല്ലില്‍ ആദ്യ ബാറ്റിംഗിനിറങ്ങുന്ന ഒരു ടീം വിക്കറ്റ് നഷ്ടം കൂടാതെ 20 ഓവറുകളും പൂര്‍ത്തിയാക്കുന്നത് ഇതാദ്യമായാണ്. തുടക്കം മുതല്‍ ഒടുക്കംവരെ ഡികോക്കും രാഹുലും ചേര്‍ന്ന് കൊല്‍ക്കത്താ ബൗളിംഗ് നിരയെ അടിച്ചുപറത്തുകയായിരുന്നു. 70 പന്തുകള്‍ നേരിട്ട ഡികോക്ക് പത്തുവീതം ഫോറും സിക്‌സും പറത്തി. 51 പന്തുകള്‍ നേരിട്ട രാഹുല്‍ മൂന്ന് ഫോറും നാലുസിക്‌സും പായിച്ചു.

മറുപടിക്കിറങ്ങിയ കൊല്‍ക്കത്തയ്ക്ക് വെങ്കിടേഷ് അയ്യരെയും(0),അഭിജീത് ടോമറിനെയും (4) തുടക്കത്തിലേ നഷ്ടമായെങ്കിലും ക്യാപ്ടന്‍ ശ്രേയസ് അയ്യര്‍ (50), നിതീഷ് റാണ(42) എന്നിവര്‍ ഒരുമിച്ചത് കരുത്തായി. എട്ടാം ഓവറില്‍ നിതീഷ് പുറത്തായതിന് ശേഷമെത്തിയ സാം ബില്ലിംഗ്‌സ്(36) ശ്രേയസിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 66 റണ്‍സടിച്ചശേഷമാണ് പിരിഞ്ഞത്. ശ്രേയസും ബില്ലിംഗ്‌സും റസലും (5) അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ കൊല്‍ക്കത്ത 150/6 എന്ന നിലയിലായി. തുടര്‍ന്ന് റിങ്കു സിംഗും (15 പന്തുകളില്‍ 40 റണ്‍സ് ),സുനില്‍ നരെയ്‌നും(7പന്തുകളില്‍ 21 റണ്‍സ് ) ചേര്‍ന്ന് ആഞ്ഞുവീശി കൊല്‍ക്കത്തയ്ക്ക് വിജയപ്രതീക്ഷ പകര്‍ന്നു. 19.4ഓവറില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് മാത്രം മതിയായിരുന്നപ്പോഴാണ് മാര്‍ക്കസ് സ്റ്റോയ്‌നിസ് അഞ്ചാം പന്തില്‍ റിങ്കുവിനെയും അവസാന പന്തില്‍ ഉമേഷ് യാദവിനെയും പുറത്താക്കി ലക്‌നൗവിന് വിജയം സമ്മാനിച്ചത്.