ന്യൂഡൽഹി: കേന്ദ്രസർക്കാരിനും, പൊതു മേഖല എണ്ണ കമ്പനികൾക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി. വിപണി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. നോട്ടീസിന് മറുപടി നൽകാൻ എട്ട് ആഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. അതേസമയം, വിലനിർണ്ണയ വിഷയത്തിൽ തർക്കങ്ങൾ ഉണ്ടെങ്കിൽ ആർബിട്രേഷൻ നടപടികൾ സ്വീകരിക്കാമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. മധ്യ വേനൽ അവധിക്ക് ശേഷമാകും കെഎസ്ആർടിസിയുടെ ഹർജി ഇനി കോടതി പരിഗണിക്കുന്നത്.
വിപണി വിലയേക്കാളും കൂടുതൽ തുക കെഎസ്ആർടിസിയിൽ നിന്ന് ഈടാക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം. സീനിയർ അഭിഭാഷകൻ കപിൽ സിബലും, അഭിഭാഷകൻ ദീപക് പ്രകാശുമാണ് കെഎസ്ആർടിസിക്ക് വേണ്ടി ഹാജരായത്. വിപണി വിലയ്ക്ക് പൊതുമേഖല എണ്ണ കമ്പനികൾ ഡീസൽ നൽകാത്തത് ഭരണഘടന വിരുദ്ധമാണെന്ന് ഇവർ കോടതിയിൽ വാദിച്ചു. അധിക വില ഈടാക്കുന്നവരിൽ നിന്ന് എന്തിന് ഡീസൽ വാങ്ങണമെന്ന് കോടതി ചോദിച്ചു.
മറ്റ് എണ്ണകമ്പനികളിൽ നിന്ന് ഡീസൽ വാങ്ങിക്കൂടേയെന്നും കോടതി ചോദിച്ചു. എന്നാൽ, ബൾക്ക് പർച്ചേസർമാർക്ക് എല്ലാവരും ഉയർന്ന തുകയാണ് ഈടാക്കുന്നതെന്ന് കെഎസ്ആർടിസിയുടെ അഭിഭാഷകർ വ്യക്തമാക്കി. ഒരു ലിറ്റർ പോലും ഉയർന്ന വിലയ്ക്ക് കെഎസ്ആർടിസി വാങ്ങിയിട്ടില്ലെന്ന് പൊതു മേഖല എണ്ണ കമ്പനികൾ കോടതിയിൽ ചൂണ്ടിക്കാട്ടി. കെഎസ്ആർടി നിലവിൽ റീറ്റെയ്ൽ പമ്പുകളിൽ നിന്നാണ് ഡീസൽ വാങ്ങുന്നത്. ഇത് തങ്ങളുമായി ഏർപ്പെട്ട കരാറിന്റെ ലംഘനമാണെന്നും എന്നാൽ അതിൽ ഇപ്പോൾ പരാതിയില്ലെന്നും എണ്ണക്കമ്പനികൾ അറിയിച്ചു.

