കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; ധന-ഗതാഗത മന്ത്രിമാര്‍ തമ്മില്‍ ആശയവിനിമയം നടത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകള്‍ അനിശ്ചിതകാല പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തിനം ശമ്പളം നല്‍കാന്‍ നീക്കം. ഇതിന്റെ ഭാഗമായി ധനമന്ത്രി കെ.എന്‍ ബാലഗോപാലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ആശയവിനിമയം നടത്തി.

ഏപ്രില്‍ മാസത്തെ ശമ്പളം മൂന്ന് വാരം കാത്തിരുന്നാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്. ശമ്പളം ഇനിയെന്ന് കിട്ടും എന്നതിന് ഒരുത്തരവും ഇല്ല. ഭരണാനുകൂല സംഘടനയായ സിഐടിയുവിനെ കൂടാതെ ഐഎന്‍ടിയുസിയും എഐടിയുസിയും അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. മന്ത്രി മന്ദിരങ്ങളിലേക്ക് പട്ടിണി ജാഥയെന്ന് ബിഎംഎസ്. തൊഴിലാളിയൂണിയനുകള്‍ സമ്മര്‍ദ്ദം കടുപ്പിച്ചതോടെ സര്‍ക്കാര്‍ മൗനം വെടിഞ്ഞു.

അതേസമയം, 700 സിഎന്‍ജി ബസ്സ് വാങ്ങാന്‍ 455 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഏപ്രില്‍ മാസത്തെ പകുതി ശമ്പളമെങ്കിലും കൊടുക്കാന്‍ കഴിയുമോ എന്ന ചര്‍ച്ച കെഎസ്ആര്‍ടിസിയില്‍ നടക്കുന്നനിടെയാണ് സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ 455 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം. കിഫ്ബി വഴിയാണ് സഹായം എത്തിക്കുക. പത്ത് മാസത്തിനകം ബസുകള്‍ വാങ്ങാനാണ് പദ്ധതി. ആയിരം സിഎന്‍ജി ബസ് വാങ്ങാന്‍ 2016 ലെ ബജറ്റില്‍ തീരുമാനം ഉണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല. നിലവില്‍ കെഎസ്ആര്‍ടിസിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടുന്നത് ഒരു സിഎന്‍ജി ബസ് മാത്രമാണ്.