ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായ ‘ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ’ ഓഹരികൾ വിൽക്കാൻ തയ്യാറെടുത്ത് കേന്ദ്ര സർക്കാർ. സ്ഥാപനത്തിന്റെ നാലിലൊന്ന് ഓഹരികൾ വിൽക്കാനാണ് പദ്ധതി. വിൽപ്പന സംബന്ധിച്ച ചർച്ചകൾ പ്രാരംഭഘട്ടത്തിലാണെന്നാണ് പുറത്തു വരുന്ന വിവരം.

ബിപിസിഎല്ലിന്റെ മുഴുവൻ ഓഹരിയായ 52.98 ശതമാനവും വിൽക്കുന്നതിന് പകരം 20 മുതൽ 25 ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നാല് വർഷം മുമ്പ് ബിപിസിഎല്ലിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ കേന്ദ്രം പദ്ധതിയിട്ടിരുന്നു. ഇതിലൂടെ 8-10 ബില്യൺ ഡോളർ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്.

റോസ്നെഫ്റ്റും സൗദിയുടെ ആരാംകോയുമടക്കമുള്ളവർ ലേലത്തിനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ആരും താത്പര്യം പ്രകടിപ്പിക്കാത്തതിനാൽ വിൽപന നടന്നിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ആ സമയത്തെ കുറഞ്ഞ എണ്ണ വിലയും ദുർബലമായ ഡിമാൻഡും കാരണമാണ് ആരും എത്താതിരുന്നത്. പെട്രോൾ, ഡീസൽ വിലകളിലെ പൊരുത്ത കേടുകളാണ് വിൽപ്പന സാധ്യതകളെ ബാധിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.