വിക്രമാദിത്യ രാജാവാണ് കുത്തബ് മിനാർ പണികഴിപ്പിച്ചത്; അവകാശ വാദവുമായി മുൻ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: വിക്രമാദിത്യ രാജാവാണ് കുത്തബ് മിനാർ പണികഴിപ്പിച്ചതെന്ന വാദവുമായി മുൻ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ. മുൻ റീജണൽ ഡയറക്ടറായ ധരംവീർ ശർമയാണ് ഇത്തരമൊരു അവകാശ വാദവുമായി രംഗത്തെത്തിയത്. സൂര്യന്റെ ദിശയെ കുറിച്ച് പഠനം നടത്താനായി അഞ്ചാം നൂറ്റാണ്ടിൽ വിക്രമാദിത്യ രാജാവാണ് ഗോപുരം നിർമിച്ചതെന്ന് അദ്ദേഹം പറയുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

കുത്തബ് മിനാർ 25 ഇഞ്ച് ചെരിവുള്ള ഗോപുരമാണ്. സൂര്യനെ നിരീക്ഷക്കുവാൻ വേണ്ടി ഉണ്ടാക്കിയതിനാലാണ് ഇതെന്നും ജൂൺ 21 ന്, സൂര്യാസ്തമയം മാറുന്നതിനിടയിൽ കുറഞ്ഞത് അരമണിക്കൂറെങ്കിലും ആ ഭാഗത്ത് നിഴൽ വീഴില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രവും പുരാവസ്തു വസ്തുതയുമാണ് ഇത്. പുരാവസ്തു വകുപ്പിന്റെ ഭാഗമായി നിരവധി തവണ കുത്തബ് മിനാറിൽ താൻ സർവേ നടത്തിയിട്ടുണ്ടെന്നും ഗോപുരത്തിൽ പോയി സൂര്യഗ്രഹണം കണ്ടിരുന്നെന്നും ധരംവീർ വ്യ്ക്തമാക്കി.

കുത്തബ് മിനാർ ഒരു സ്വതന്ത്ര കെട്ടിടമാണ്. സമീപത്ത് സ്ഥിതി ചെയ്യുന്ന പള്ളിയുമായി ഗോപുരത്തിന് ബന്ധമില്ല. കുത്തബ് മിനാറിന്റെ വാതിൽ പോലും വടക്കോട്ടാണ്. രാത്രി ആകാശത്ത് ധ്രുവനക്ഷത്രം കാണുന്നതിനാണ് ഇത്തരത്തിൽ രൂപകൽപന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.