സില്‍വര്‍ ജൂബിലി നിറവില്‍ കുടുംബശ്രീ

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിന്റെ കേരള മാതൃകയായ കുടുംബശ്രീക്ക് ഇന്ന് 25 വയസ്. സംസ്ഥാനത്ത് 45 ലക്ഷം സ്ത്രീകള്‍ നിലവില്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്. 1996ല്‍ ആരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ചായിരുന്നു കുടുംബശ്രീയുടെ വരവ്. 1997-98 ലെ സംസ്ഥാന ബഡ്ജറ്റില്‍ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷനായി കുടുംബശ്രീ പ്രഖ്യാപിക്കപ്പെട്ടു. സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞം എന്ന നിലയില്‍ 1998 മേയ് 17ന് കുടുംബശ്രീ രൂപീകൃതമായി.

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി കേരള സര്‍ക്കാര്‍ രൂപം നല്‍കിയ നവീന ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായ കുടുംബശ്രീ(മിഷന്‍) നബാര്‍ഡിന്റെ സഹായത്തോടെയുള്ള സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞം എന്ന നിലയിലാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സ്ത്രീശാക്തീകരണവും വികസന പ്രക്രിയയിലെ സ്ത്രീകളുടെ പങ്കാളിത്തവുമാണ് വികസനത്തിലെ അനിവാര്യമായ ഘടകമായി പരിഗണിക്കപ്പെടുന്നത്. ഇത് മുന്‍നിര്‍ത്തിയാണ് കേരളത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ദാരിദ്ര്യ ലഘൂകരണത്തിനായി അവരുടെ പങ്കാളിത്തത്തോടെ മിതവ്യയം അടിസ്ഥാനമാക്കി വായ്പാ സൗകര്യം ലഭ്യമാക്കുക എന്ന നയപരിപാടിയുമായി കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ആഹാരം, പാര്‍പ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍, ശുദ്ധമായ കുടിവെള്ളം, ഗതാഗത സൗകര്യങ്ങള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം, സാമൂഹിക സ്വീകാര്യത, ജനാധിപത്യകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള പങ്കാളിത്തം വരുമാനം എന്നീ അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കുന്നതിലൂടെ ദാരിദ്ര്യം തുടച്ചു നീക്കുകയായിരുന്നു കുടുംബശ്രീയുടെ ലക്ഷ്യം.

അയല്‍ക്കൂട്ട രൂപീകരണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ത്രിതല സംഘടനാ സംവിധാനത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന ഘടനയാണ് കുടുംബശ്രീയുടേത്. പ്രാദേശിക സ്ത്രീകൂട്ടായ്മകള്‍ സംഘടിത ശക്തിയെന്ന നിലയ്ക്ക് പെട്ടെന്ന് വളര്‍ന്നു വന്നു. ഈ അയല്‍ക്കൂട്ടങ്ങളെ ഉള്‍പ്പെടുത്തി ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റികളും (എ.ഡി.എസ്.) എ.ഡി.എസുകള്‍ ചേര്‍ന്ന് കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളും(സി.ഡി.എസ്) ഉള്‍പ്പെടുന്ന ത്രിതല സാമൂഹ്യ സംഘടനാ സംവിധാനമാണ് കുടുംബശ്രീക്കുള്ളത്. നിലവില്‍ മൂന്നു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളിലായി 45.85 ലക്ഷം വനിതകള്‍ ഇതില്‍ അംഗങ്ങളാണ്. ജനകീയ ഹോട്ടലുകള്‍, ഭവന നിര്‍മാണ ഗ്രൂപ്പുകള്‍, ഡ്രൈവിംഗ് സ്‌കൂള്‍, റെ യില്‍വേ പാര്‍ക്കിംഗ്, കസ്റ്റമര്‍ ലോഞ്ച് മാനേജ്മെന്റ്, ഹൗസ്‌കീപ്പിംഗ്, സോഫ്ട് വെയര്‍ നിര്‍മാണം എന്നിങ്ങനെ കാലാനുസൃതമായി കുടുംബശ്രീയും മാറിക്കൊണ്ടിരിക്കുകയായിരുന്നു.