ബംഗളൂരു-മൈസൂര്‍ ദേശീയപാതയില്‍ വീണ്ടും കൊള്ള സംഘങ്ങള്‍ കൂടുന്നു

മൈസൂരു: ബംഗളൂരു-മൈസൂരു ദേശീയപാതയില്‍ മലയാളി വാഹനയാത്രികരെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ വീണ്ടും തുടരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ മാണ്ഡ്യ ജില്ലയിലൂടെ പാത കടന്നുപോകുന്ന ഭാഗത്ത് രണ്ട് കവര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് പോയ കാര്‍ തടഞ്ഞുനിര്‍ത്തി ഒരുലക്ഷം രൂപ കവര്‍ന്നതാണ് ആദ്യ സംഭവം. കഴിഞ്ഞയാഴ്ച ഇതേ സ്ഥലത്ത് നടന്ന രണ്ടാമത്തെ സംഭവത്തില്‍ ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്കു പോയ കാറില്‍നിന്ന് 20 ലക്ഷം രൂപയും കൊള്ളയടിച്ചു.

വര്‍ഷങ്ങളായി തുടരുന്ന ഈ പ്രശ്‌നത്തില്‍ കവര്‍ച്ചകള്‍ നടക്കുമ്പോള്‍ കര്‍ണാടക പോലീസ് അന്വേഷണം നടത്തുമെങ്കിലും മിക്കപ്പോഴും പ്രതികളെ പിടികിട്ടാറില്ല. കേസിനു പിറകേ നടക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ കവര്‍ച്ചയ്ക്ക് ഇരയായവരും ഇതുസംബന്ധിച്ച തുടര്‍നടപടികളുമായി മുന്നോട്ടുപോകാറില്ല.

അതേസമയം, മൈസൂരുവില്‍ നിന്ന് നഞ്ചന്‍കോടിലൂടെയും ഹുന്‍സൂരിലൂടെയും കേരളത്തിലേക്കുപോകുന്ന റോഡുകളിലും കവര്‍ച്ചകള്‍ പതിവാണ്. രാത്രി കാലങ്ങളില്‍ മലയാളി യാത്രികരുടെ വാഹനങ്ങളുടെ ചില്ലുകളില്‍ മുട്ടയെറിഞ്ഞ് കാഴ്ച തടസ്സപ്പെടുത്തിയും വാഹനത്തിനകത്തേക്ക് മുളകുപൊടി എറിഞ്ഞുമുള്ള കവര്‍ച്ചകള്‍ ഹുന്‍സൂരിലൂടെയുള്ള റോഡില്‍ നടക്കാറുണ്ട്. കഴിഞ്ഞമാസമാണ് നഞ്ചന്‍കോടിനുസമീപം പട്ടാപ്പകല്‍ മുഖംമൂടിധാരികളായ ഒരുസംഘം കേരള രജിസ്‌ട്രേഷന്‍ കാര്‍ തട്ടിയെടുത്തത്. ഇതുസംബന്ധിച്ച് മൈസൂരു പോലീസില്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. എന്നാല്‍, ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.