ഉത്പാദനക്ഷമത വർധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി; 2.5 ലക്ഷം വാഹനങ്ങൾ നിർമിക്കാൻ ശേഷിയുള്ള പ്ലാന്റ് നിർമിക്കും

ന്യൂഡൽഹി: ഉത്പാദനക്ഷമത വർധിപ്പിക്കാനൊരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. പ്രതിവർഷം 2.5 ലക്ഷം വാഹനങ്ങൾ നിർമിക്കാൻ ശേഷിയുള്ള പ്ലാന്റ് നിർമിക്കുമെന്ന് മാരുതി സുസുക്കി അറിയിച്ചു. ഹരിയാനയിലെ സോനീപതിലാണ് മാരുതിയുടെ ഉയർന്ന നിർമാണ ശേഷിയുള്ള പ്ലാന്റ് നിർമിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

സോനീപത്തിൽ നിർമിക്കുന്ന പുതിയ ഫാക്ടറിക്കായി വരുന്ന മൂന്നുവർഷംകൊണ്ട് 11,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും മാരുതി സുസുക്കി ഉറപ്പു നൽകി. നിക്ഷേപത്തിന്റെ ആദ്യ ചുവടുവയ്പ്പായി നടപ്പ് സാമ്പത്തികവർഷം 5,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി പദ്ധതി ഒരുക്കിയിട്ടുള്ളതെന്നാണ് വിവരം. സോനീപതിലെ ഐഎംടി. ഖർഖോഡയിൽ 800 ഏക്കർ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഫാക്ടറിക്കായി ഹരിയാണ വ്യവസായ അടിസ്ഥാനസൗകര്യ വികസന കോർപ്പറേഷൻ ഭൂമി വെള്ളിയാഴ്ച കൈമാറി.

രണ്ടരലക്ഷം കാറുകളുടെ വാർഷികനിർമാണ ശേഷിയുള്ള നാലു യൂണിറ്റുകളാണ് പുതിയ പ്ലാന്റ് ഒരുങ്ങുന്നത്. ഇതിലെ ആദ്യ യൂണിറ്റിന്റെ നിർമാണം 2025-ൽ പൂർത്തിയാകും.