കാർത്തി ചിദംബരത്തിന്റെ വസതിയിൽ സിബിഐ റെയ്ഡ്; രാഷ്ട്രീയ അധ:പതനമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ വസതിയിൽ സിബിഐ റെയ്ഡ്. കാർത്തി ചിദംബരത്തിന്റെ പത്തോളം വീടുകളിലും ഓഫീസുകളിലും സിബിഐ സംഘം പരിശോധന നടത്തി.

അതേസമയം, സിബിഐ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് പി ചിദംബരം അറിയിച്ചു. അന്വേഷണ സംഘം കാണിച്ച എഫ്ഐആറിൽ താൻ പ്രതി സ്ഥാനത്തില്ലെന്നും ഔദ്യോഗിക വസതിയിൽ നിന്നും ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹി, മുംബൈ, ചെന്നൈ, ഒഡീഷ, കർണാടക, തമിഴ്നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലായിരുന്നു സിബിഐ പരിശോധന നടത്തിയത്. സിബിഐ നടപടിക്കെതിരെ കോൺഗ്രസ് രൂക്ഷ വിമർശനം ഉന്നയിച്ചു. നടപടി രാഷ്ട്രീയ അധ:പതനമെന്ന് കോൺഗ്രസ് പ്രതികരിച്ചു.

എത്രാമത്തെ തവണയാണ് സിബിഐ പരിശോധന നടക്കുന്നതെന്നും തനിക്ക് എണ്ണം പോലും നഷ്ടപ്പെട്ടെന്നും കാർത്തി ചിദംബരം വ്യക്തമാക്കി. നടക്കുന്നത് വേട്ടയാടലാണെന്നും അന്വേഷണ സംഘങ്ങളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.