പഞ്ചാബിനെ വീഴ്ത്തി ഡല്‍ഹി ആദ്യ നാലില്‍

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സ് പഞ്ചാബ് കിംഗ്സിനെ 17 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പിന്തള്ളി നാലാമതെത്തി. 12 പോയിന്റുള്ള പഞ്ചാബിന് പ്ലേ ഓഫ് കളിക്കാന്‍ ഇനി നേരിയ സാധ്യത മാത്രമാണുള്ളത്. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് 14 പോയിന്റായി. ആര്‍സിബിക്ക് ഇത്ര പോയിന്റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഡല്‍ഹി മുന്നിലായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനാണ് സാധിച്ചത്. ഷാര്‍ദുല്‍ ഠാക്കൂര്‍ നാല് വിക്കറ്റ് വീഴ്ത്തി.

പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് പഞ്ചാബിന് നഷ്ടമായി. നന്നായി തുടങ്ങിയ ജോണി ബെയര്‍സ്റ്റോയാണ് (15 ന്തില്‍ 28) ആദ്യം മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ ഭാനുക രജപക്സയ്ക്ക് (1) അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. ഷാര്‍ദുള്‍ ഠാക്കൂറിന്റെ പന്തില്‍ ആന്റിച്ച് നോര്‍ജെയ്ക്ക് ക്യാച്ച്. അതേ ഓവറില്‍ ശിഖര്‍ ധവാനും (16 പന്തില്‍ 19) പുറത്തായി. ബൗളിംഗിലെ ഹീറോ ലിയാം ലിവിംഗ്സ്റ്റണ്‍ (3), ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (0), ഹര്‍പ്രീത് ബ്രാര്‍ (1), റിഷി ധവാന്‍ (4) എന്നിവര്‍ വന്നത് പോലെ മടങ്ങി. കുല്‍ദീപും അക്സറും ഈ നാല് വിക്കറ്റുകള്‍ പങ്കിട്ടെടുത്തു. ജിതേഷ് ശര്‍മ (34 പന്തില്‍ 44) ശ്രമിച്ചെങ്കിലും ഷാര്‍ദുളിന് മുന്നില്‍ വീണു. അതേ ഓവറില്‍ കഗിസോ റബാദയും (6) പുറത്തായി. രാഹുല്‍ ചാഹര്‍ (24), അര്‍ഷ്ദീപ് സിംഗ് (2) പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിക്ക് മിച്ചല്‍ മാര്‍ഷിന്റെ (48 പന്തില്‍ 63) ഇന്നിംഗ്സാണ് തുണയായത്. സര്‍ഫറാസ് ഖാന്‍ (16 പന്തില്‍ 32) നിര്‍ണായക സംഭാവന നല്‍കി. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ലിയാം ലിവിംഗ്സ്റ്റാണ് ഡര്‍ഹിയെ തകര്‍ത്തത്. ഡേവിഡ് വാര്‍ണര്‍ (0), റിഷഭ് പന്ത് (7), റോവ്മാന്‍ പവല്‍ (2) എന്നീ ഹിറ്റര്‍മാരെയാണ് ലിവിംഗ്സ്റ്റണ്‍ മടക്കിയത്. മത്സരത്തില്‍ ആദ്യ പന്തില്‍ വാര്‍ണര്‍ ദീപക് ചാഹറിന് ക്യാച്ച് നല്‍കി മടങ്ങി. മാര്‍ഷിന്റെ ഇന്നിംഗ്സാണ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഡല്‍ഹിയെ കരകയറ്റിയത്. വാര്‍ണര്‍ക്കൊപ്പം ഓപ്പണറായെത്തിയ സര്‍ഫറാസും മാര്‍ഷിന്റെ കൂട്ടിനെത്തി. ഒരു സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു സര്‍ഫറാസിന്റെ ഇന്നിംഗ്സ്. എന്നാല്‍ അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ പുറത്തായി. പിന്നീട് വന്നവരില്‍ ലളിത് യാദവ് (24), റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ () എന്നിവര്‍ക്ക് തിളങ്ങാനായില്ല. അക്സര്‍ പട്ടേല്‍ (17), കുല്‍ദീപ് യാദവ് (3) പുറത്താവാതെ നിന്നു. ലിവിംഗ്സ്റ്റണ്‍ പുറമെ അര്‍ഷ്ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാദ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്