വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇനി മുതൽ സഞ്ചാരികളുടെ ക്യാമറകൾ പ്രവേശിപ്പിക്കുന്നതിന് നിരക്ക് ഈടാക്കില്ല

കൽപ്പറ്റ: വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇനി മുതൽ സഞ്ചാരികളുടെ ക്യാമറകൾ പ്രവേശിപ്പിക്കുന്നതിന് നിരക്ക് ഈടാക്കില്ല. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിൽ വരുന്ന മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് സന്ദർശകർക്ക് സൗജന്യമായി ക്യാമറകൾ പ്രവേശിക്കാനുള്ള അവസരമൊരുക്കിയിരിക്കുന്നത്. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ കുറിച്ചുള്ള വീഡിയോകളും ചിത്രങ്ങളും ഇവിടെയെത്തുന്ന സഞ്ചാരികൾ കൂടി പ്രചരിപ്പിക്കുന്നതോടെ കേന്ദ്രങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തുടർന്നാണ് പുതിയ തീരുമാനം.

അതേസമയം, ഊട്ടി വിനോദ സഞ്ചാര കേന്ദ്രം ഉൾപ്പെടുന്ന നീലഗിരി ജില്ലയിൽ കുടിവെള്ളവും ഇനി ചില്ലുകുപ്പിയിലായിരിക്കും ലഭിക്കുന്നത്. നീലഗിരിയെ പ്ലാസ്റ്റിക് വിമുക്ത ജില്ലയാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പശ്ചിമഘട്ട മലനിരകളുടെ വലിയൊരു ഭാഗം ഉൾപ്പെടുന്ന നീലഗിരിയിൽ പ്ലാസ്റ്റിക് മാലിന്യം നിറയുന്നത് പരിസ്ഥിതിക്ക് അപകടഭീഷണിയുയർത്തുകയാണ്. ഈ സാഹചര്യത്തിലാണ് അധികൃതർ പുതിയ തീരുമാനം സ്വീകരിച്ചത്.

പ്ലാസ്റ്റിക്, ഒഴിഞ്ഞ മദ്യക്കുപ്പികൾ തുടങ്ങിയവ പൊതുയിടങ്ങളിൽ വലിച്ചെറിയുന്നത് തടയാൻ ജില്ലയിലെ പ്രധാനസ്ഥലങ്ങളിൽ ക്യാമറകൾ അടക്കമുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഒരു കുപ്പി വെള്ളത്തിന്റെ വില 60 രൂപവരെയാണെങ്കിലും കാലിയാകുന്ന കുപ്പികൾ തിരിച്ചുനൽകിയാൽ 30 രൂപ തിരികെ ലഭിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും പൊതുസ്ഥലത്ത് വലിച്ചെറിയാതെ സഹകരിക്കണമെന്ന് ജില്ലാഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.