മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ 52 റണ്‍സിന് വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നെത്തിയ മുംബൈക്ക് 17.3 ഓവറില്‍ മുഴുവന്‍ വിക്കറ്റും നഷ്ടമായി. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. എന്നാല്‍, 17.3 ഓവറില്‍ 113 റണ്‍സ് എടുത്തപ്പോഴേക്കും മുംബൈക്ക് മുഴുവന്‍ വിക്കറ്റും നഷ്ടമാവുകയായിരുന്നു. കൊല്‍ക്കത്തയ്ക്ക് വേണ്ടി വെങ്കടേഷ് അയ്യരും നിതീഷ് റാണയും ക്രീസില്‍ നിറഞ്ഞാടിയപ്പോള്‍, മുംബൈക്ക് വേണ്ടി ഇഷാന്‍ കിഷാന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. വെങ്കടേഷ് അയ്യര്‍ 24 ബോളില്‍ 4 സിക്സറും 3 ബൗണ്ടറിയുമുള്‍പ്പെടെ 43 റണ്‍സ് എടുത്തപ്പോള്‍ അജിങ്ക്യ രഹാനെ 24 ബോളില്‍ 3 ബൗണ്ടറിയോട് കൂടി 25 റണ്‍സ് നേടി. വെങ്കടേഷ്- രഹാനെ കൂട്ടുകെട്ട് 60 റണ്‍സാണ് നേടിയത്. ഇവര്‍ക്ക് പിന്തുണയുമായി പിന്നാലെ നിതീഷ് റാണയുമെത്തി. 26 ബോളില്‍ 4 സിക്സറും 3 ബൗണ്ടറിയുമുള്‍പ്പെടെ 43 റണ്‍സ് നേടിയ റാണയെ ബൂമ്റയാണ് എറിഞ്ഞുവീഴ്ത്തിയത്. പിന്നീട് ഇറങ്ങിയ ശ്രേയസ് അയ്യരും ആന്ദ്ര റസ്സലും മികച്ച പ്രകടം നടത്തിയില്ലെങ്കിലും റിങ്കു സിംഗ് 19 ബോളില്‍ 23 റണ്‍സ് നേടി.
മുംബൈക്ക് വേണ്ടി ജസ്പ്രീത് ബൂമ്റ തന്നെയാണ് റെക്കോര്‍ഡ് വിക്കറ്റ് വീഴ്ത്തിയത്. ബൂമ്റ 5 വിക്കറ്റാണ് എടുത്തത്. കുമാര്‍ കാര്‍ത്തികേയ 2 വിക്കറ്റും ഡാനിയല്‍ സാംസും മുരുഗന്‍ അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് തുടക്കത്തില്‍ തന്നെ അടി പതറി. ക്യാപ്റ്റന്‍ രോഹിക്ക് ശര്‍മ്മ 6 ബോളില്‍ 2 റണ്‍സ് മാത്രമാണ് നേടിയത്. ഇഷാന്‍ കിഷാന്‍ 43 ബോളില്‍ 1 സിക്സറും 5 ബൗണ്ടറിയുമുള്‍പ്പെടെ 51 റണ്‍സ് നേടി. ഇതാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. പിന്നീടിറങ്ങിയ രമണ്‍ദീപ് സിംഗ് 16 ബോളില്‍ 12 റണ്‍സും, ടിം ഡേവിഡ് 9 ബോളില്‍ 13 റണ്‍സും മാത്രമാണ് നേടിയത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് 3 വിക്കറ്റും, ആന്ദ്ര റസ്സല്‍ 2 വിക്കറ്റും, ടിം സൗതേ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

