സ്ഥലംമാറ്റ നടപടികള്‍ പുനപരിശോധിക്കും; കെഎസ്ഇബി സമരം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: ഇടത് സംഘടനകളും കെഎസ്ഇബി മാനേജ്മെന്റും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരമായി. കെഎസ്ഇബിയിൽ സംഘടനാ പ്രവർത്തനം തടയില്ലെന്ന് ഊർജവകുപ്പ് സെക്രട്ടറി ഉറപ്പു നൽകി. തുടർന്നാണ് പ്രശ്‌നം പരിഹരിച്ചത്. സ്ഥലംമാറ്റിയ ഉദ്യോഗസ്ഥർക്ക് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റം നൽകുമെന്ന് സംഘടനകൾക്ക് ഉറപ്പ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. സംഘടനയുടെ പ്രഖ്യാപിത സമരങ്ങൾ പിൻവലിക്കാൻ ഓഫിസേഴ്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയിൽ ധാരണയായതായി അധികൃതർ അറിയിച്ചു.

ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമായിരുന്നു സംഘടനാ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചത്. ഊർജ വകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയുടെ മിനുട്സ് ഹൈക്കോടതിക്ക് കൈമാറാനും തീരുമാനമായി. നിയമപരമായ കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഡയസ്നോണിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

അതേസമയം, തൊഴിലാളി യൂണിയനുകളും ചെയർമാനുമായുള്ള തർക്കം തീർക്കാൻ വൈദ്യുത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു. സമരത്തിന്മേൽ ഡയസ്നോൺ ഏർപ്പെടുത്തിയത് പിൻവലിക്കണമെന്ന നിർദേശം യൂണിയനുകൾ ഉയർത്തിയിരുന്നു.