റോഡരികുകളിൽ കൊടി തോരണങ്ങൾക്ക് നിയന്ത്രണം; മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: റോഡരികുകളിൽ കൊടി തോരണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ. സർവ്വകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇതുസംബന്ധിച്ച മാർഗനിർദ്ദേശവും സർക്കാർ പുറത്തിറക്കി. കൊടി നാട്ടുമ്പോൾ കാൽനടയാത്രക്കാർക്ക് തടസമുണ്ടാകരുതെന്നാണ് നിർദ്ദേശം.

തദ്ദേശ സെക്രട്ടറിയുടെ മുൻകൂർ അനുമതി ഉണ്ടായിരിക്കണം, കൊടി തോരണങ്ങൾ വയ്ക്കുന്നത് രാഷ്ട്രീയ- സാമുദായിക സംഘർഷങ്ങളിലേക്ക് പോകാതെ ശ്രദ്ധിക്കണം, നിശ്ചിത ദിവസത്തേയ്ക്ക് മാത്രമേ ഇവ സ്ഥാപിക്കാൻ പാടുള്ളൂ തുടങ്ങിയ നിർദ്ദേശങ്ങളും മാർഗ നിർദ്ദേശത്തിലുണ്ട്. ഗതാഗതത്തിനും കാൽനടയാത്രയ്ക്കും തടസമുണ്ടായാൽ അടിയന്തരമായി നീക്കുന്നതിനായി തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്ന നിർദ്ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.

ഉടമസ്ഥന്റെ അനുമതിയുണ്ടെങ്കിൽ സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ കൊടി തോരണങ്ങൾ സ്ഥാപിക്കാം. സമ്മേളനങ്ങൾ, ഉത്സവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കൊടിതോരണങ്ങൾ ഒരു നിശ്ചിത സമയപരിധി തീരുമാനിച്ച് സ്ഥാപിക്കാമെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.