അഫ്ഗാനിൽ വീണ്ടും ഭീകരാക്രമണം; 33 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിൽ വീണ്ടും ഭീകരാക്രമണം. വെള്ളിയാഴ്ച പ്രാർത്ഥനക്കിടെയാണ് അഫ്ഗാനിസ്ഥാനിലെ പള്ളിയിൽ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ 33 പേർ കൊല്ലപ്പെട്ടതായും 43 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ.

വടക്കൻ അഫ്ഗാനിസ്ഥാനിലെ കുന്ദൂസിലാണ് ആക്രമണം ഉണ്ടായത്. കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ആക്രണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തെ അപലപിക്കുന്നുവെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും അഫ്ഗാനിൽ സ്‌ഫോടന പരമ്പരകൾ നടന്നിരുന്നു.

കാബൂളിലാണ് കഴിഞ്ഞ ദിവസം ആദ്യം സ്‌ഫോടനം ഉണ്ടായത്. റോഡരികിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. പിന്നീട് ബാൽഖിലെ മസാർ ഇ ഷെരീഫ് പള്ളിയിൽ സ്‌ഫോടനമുണ്ടായി. പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 20 ലധികം പേർ കൊല്ലപ്പെടുകയും 65 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുന്ദൂസ് നഗരത്തിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. വെള്ളിയാഴ്ച്ച നടന്ന സ്‌ഫോടനങ്ങൾക്ക് പിന്നിലും ഐഎസ് ആണെന്നാണ് വിലയിരുത്തൽ.