സംസ്ഥാനങ്ങളുടെ വരുമാനം ഉയര്‍ത്തുക ലക്ഷ്യം; ജിഎസ്ടി പരിഷ്‌കരിക്കുന്നു

നഷ്ടപരിഹാരത്തിനായി കേന്ദ്രത്തെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാനും, സംസ്ഥാനങ്ങളുടെ വരുമാനം ഉയര്‍ത്താനും ചരക്ക് സേവന നികുതി സ്ലാബുകള്‍ പരിഷ്‌കരിക്കാന്‍ സാധ്യത. അഞ്ച് ശതമാനം സ്ലാബ് ഒഴിവാക്കി മൂന്ന്, എട്ട് ശതമാനം സ്ലാബുകള്‍ ഉള്‍പ്പെടുത്താനാണ് നീക്കം. 5, 12, 18, 28 എന്നീ സ്ലാബുകളുള്ള നികുതി ഘടനയാണ് നിലവില്‍ വിവിധ ഉത്പന്നങ്ങള്‍ക്കുള്ളത്. നിലവില്‍ നികുതിയില്ലാത്ത ചില ഭക്ഷ്യേതര ഉല്‍്പന്നങ്ങളെ മൂന്നു ശതമാനം നികുതി സ്ലാബിനു കീഴില്‍ കൊണ്ടു വരാനും നീക്കമുണ്ട്. അഞ്ച് ശതമാനം നികുതിയുള്ളവയെ ഏഴോ എട്ടോ ശതമാനത്തില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.

നിലവില്‍ അവശ്യവസ്തുക്കള്‍ക്ക് നികുതി ഒഴിവാക്കുകയോ അഞ്ചുശതമാനമെന്ന കുറഞ്ഞ നികുതി സ്ലാബില്‍ ഉള്‍പ്പെടുത്തുകയോ ആണ് ചെയ്തിട്ടുള്ളത്. ആഡംബര വസ്തുക്കള്‍ക്കാണ് ഉയര്‍ന്ന നികുതി ഈടാക്കുന്നത്. പാക്ക് ചെയ്ത ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ ചിലതിന്റെ നികുതി അഞ്ച് ശതമാനത്തില്‍ വര്‍ധിപ്പിക്കും. ഒരു ശതമാനം നികുതി വര്‍ധിപ്പിച്ചാല്‍ പ്രതിവര്‍ഷം 50,000 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ നിര്‍ദ്ദേശിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ സമിതി കഴിഞ്ഞ വര്‍ഷം രൂപീകരിച്ചിരുന്നു. അടുത്തമാസം ആദ്യത്തില്‍ സമിതി ശുപര്‍ശകള്‍ സമര്‍പ്പിച്ചേക്കും.