ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി; ജനാധിപത്യ രാജ്യങ്ങൾ ഒരുമിച്ച് നിൽക്കണമെന്ന് ആഹ്വാനം

ലണ്ടൻ: ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഏപ്രിൽ 21, 22 തീയതികളിലാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്. സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹം പങ്കാളിത്തത്തെ പ്രകീർത്തിച്ച് ട്വീറ്റ് പങ്കുവെയ്ക്കുകയും ചെയ്തു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ദീർഘകാല പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി ഈ ആഴ്ച ഇന്ത്യയിലേക്ക് യാത്ര തിരിക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സ്വേച്ഛാധിപത്യ രാജ്യങ്ങളിൽ നിന്നു നമ്മുടെ സമാധാനത്തിനും സമൃദ്ധിക്കും ഭീഷണി നേരിടുന്നതിനാൽ, ജനാധിപത്യ രാജ്യങ്ങളും സുഹൃത്തുക്കളും ഒരുമിച്ച് നിൽക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആണ് ഇന്ത്യ. അതുപോലെ തന്നെ, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി കൂടിയാണ്. നിലവിലെ സാഹചര്യത്തിൽ, ബ്രിട്ടൺ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായി ബന്ധം സ്ഥാപിക്കുന്നത് ഏറെ നല്ലതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

വ്യാവസായിക – പ്രതിരോധ രംഗത്ത് കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ബ്രിട്ടൺ പ്രധാനമന്ത്രി ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. തൊഴിൽ സാദ്ധ്യതകൾ, സാമ്പത്തിക വളർച്ച, തുടങ്ങിയ വിഷയങ്ങളെ കുറിച്ച് കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്യും.