കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്നു; 24 മണിക്കൂറിനിടെ 90% വര്‍ധന

രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കൊവിഡ് കേസുകളില്‍ 90% വര്‍ധനവാണുണ്ടായിരിക്കുന്നത്. ആകെ 2,183 പുതിയ കേസുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. അതിന് മുമ്പുള്ള ദിവസം 1,150 കേസുകളായിരുന്നു പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഇന്നലെ ആകെ 214 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 0.31 ശതമാനത്തില്‍ നിന്ന് 0.83 ശതമാനത്തിലേക്കും ഉയര്‍ന്നു. നിലവില്‍ രാജ്യത്തുള്ള ആകെ കൊവിഡ് ആക്ടീവ്കേസുകള്‍ 11,542 ആണ്. രാജ്യത്ത് ഇത് വരെയായി ആകെ നാലരക്കോടി കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതില്‍ ഡല്‍ഹിയാണ് ഏറ്റവും മുമ്പിലുള്ളത്. ആകെ 1,518 ആക്ടീവ് കേസുകള്‍ ഡല്‍ഹിയിലുണ്ട്. ഡല്‍ഹിക്ക് പുറമേ ഗസിയാബാദ്, നോയിഡ എന്നിവിടങ്ങളിലെല്ലാം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി കൊവിഡ് വ്യാപിച്ചിരുന്നു.

അതേസമയം, കേരളമടക്കം മിക്ക സംസ്ഥാനങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ ഭാഗികമായും അല്ലാതെയും പിന്‍വലിച്ച സാഹചര്യത്തില്‍ കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.