‘മുസ്ലീം വിഭാഗങ്ങളെ തരം താഴ്ത്തുന്നു’; ബീസ്റ്റിന് വിലക്കേര്‍പ്പെടുത്തണമെന്ന് എംഎല്‍എ

ചെന്നൈ: വിജയ് നായകനായ ബീസ്റ്റിന് തമിഴ്നാട്ടില്‍ വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി മനിതനേയ മക്കള്‍ കക്ഷി അദ്ധ്യക്ഷനും എം.എല്‍.എയുമായ എം.എച്ച് ജവാഹിറുള്ള. മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഇക്കാര്യം ചൂണ്ടിക്കാട്ടി എം.എല്‍.എ കത്തയച്ചെന്നാണ് പുറത്തുവരുന്ന വിവരം.

മുസ്ലീം വിഭാഗങ്ങളെ ചിത്രം തരംതാഴ്ത്തുന്നുവെന്ന ആരോപണമാണ് എം.എല്‍.എ ഉന്നയിക്കുന്നത്. ഇതേ കാരണത്താല്‍ സിനിമയ്ക്ക് മറ്റ് രാജ്യങ്ങളില്‍ വിലക്കുണ്ടെന്നും, കൊറോണ മഹാമാരിക്കാലത്ത് ജനങ്ങള്‍ക്കായി നിസ്വാര്‍ത്ഥ സേവനം ചെയ്ത മുസ്ലീങ്ങളെ അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. തങ്ങള്‍ ചെയ്ത സേവനങ്ങളെല്ലാം മറന്ന്, തങ്ങളുടെ മതത്തെ കടന്നാക്രമിക്കുകയാണ് സിനിമ ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. സിനിമ പ്രദര്‍ശിപ്പിക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കുമെന്നും ജവാഹിറുള്ള പറയുന്നു.

അതേസമയം, വിശ്വരൂപം, തുപ്പാക്കി എന്നീ സിനിമകള്‍ക്കെതിരെയും അദ്ദേഹം ആരോപണം ഉന്നയിക്കുന്നു. തുപ്പാക്കി അടക്കമുള്ള സിനിമകള്‍ മുസ്ലീങ്ങളെ അപമാനിക്കുന്നതാണെന്നും, ഏറെ കാലത്തിന് ശേഷം വരുന്ന ബീസ്റ്റ് വീണ്ടും ഇതിനെല്ലാം ശക്തിപകരുകയാണെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭീകരരില്‍ നിന്നും ജനങ്ങളെ വിജയ് രക്ഷിക്കുന്നതാണ് സിനിമയുടെ പ്രമേയം. ഇസ്ലാമിക ഭീകരതയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ സിനിമയ്ക്ക് ഖത്തറും കുവൈറ്റും നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു