ഫീസ് നിയന്ത്രണം; ദേശീയ മെഡിക്കൽ കമ്മിഷന്റെ തീരുമാനത്തിനെതിരെ സ്വകാര്യ മെഡിക്കൽ കോളേജുടമകൾ

ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഫീസ് നിയന്ത്രണത്തിനുള്ള മാർഗരേഖ അടുത്ത വർഷം മുതൽ കർശനമായി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സമീപിച്ച് സ്വകാര്യ മെഡിക്കൽ കോളേജുടമകൾ.

സ്വകാര്യ മെഡിക്കൽ കോളജുകളിലെയും കൽപിത സർവകലാശാലകളിലെയും 50% സീറ്റിൽ അതാത് സംസ്ഥാനത്തെ സർക്കാർ കോളജുകളിലേതിനു സമാനമായ ഫീസാകുമെന്നാണ് ദേശീയ മെഡിക്കൽ അറിയിച്ചിരുന്നത്. വിഷയത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് സ്വകാര്യ കോളേജുടമകളുടെ തീരുമാനം.

ഓരോ സംസ്ഥാനത്തെയും ഫീസ് നിർണയ സമിതി എൻഎംസി മാനദണ്ഡം കർശനമായി നടപ്പാക്കാൻ വേണ്ട നടപടികളും സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. അതേസമയം, തീരുമാനം പുനഃപരിശോധിക്കാൻ സമ്മർദം ഉണ്ടെങ്കിലും ആരോഗ്യമന്ത്രാലയം പ്രതികരണം നടത്തിയിട്ടില്ല. കർണാടകയിൽ 41 സ്വകാര്യ മെഡിക്കൽ കോളേജുകളും തമിഴ്‌നാട്, യുപി എന്നിവിടങ്ങളിൽ 32 വീതം സ്വകാര്യ മെഡിക്കൽ കോളേജുകളും മഹാരാഷ്ട്രയിൽ 31 സ്വകാര്യ മെഡിക്കൽ കോളേജുകളുമാണുള്ളത്. കേരളത്തിൽ 21 സ്വകാര്യ മെഡിക്കൽ കോളേജുകളാണുള്ളത്.