ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴുവിക്കറ്റിന്റെ ജയം

മുംബൈ: ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ ഏഴുവിക്കറ്റിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടുപോയിന്റുമായി നാലാമതേക്ക് ഉയര്‍ന്നു. ഇന്നലെ ആദ്യ ബാറ്റിംഗിനിറങ്ങി 151 റണ്‍സിന് ആള്‍ഔട്ടായ പഞ്ചാബിനെതിരെ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് ഏഴുപന്തുകള്‍ ബാക്കിനില്‍ക്കേ സണ്‍റൈസേഴ്‌സ് വിജയം കണ്ടത്. ലിയാം ലിവിംഗ്സ്റ്റണിന്റെ (33 പന്തുകളില്‍ അഞ്ചു ഫോറും നാലുസിക്‌സുമടക്കം 60 റണ്‍സ്)ഒറ്റയാള്‍ പോരാട്ടത്തി?ലൂടെയാണ് പഞ്ചാബ് 151ലെത്തിയത്. അഭിഷേക് ശര്‍മ്മ(31)രാഹുല്‍ ത്രിപാതി (34),എയ്ഡന്‍ മാര്‍ക്രം(41), നിക്കോളാസ് പുരാന്‍ (35) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഹൈദരാബാദിന് വിജയം നല്‍കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 61 റണ്‍സെടുക്കുന്നതിനിടെ ആദ്യ നാലുവിക്കറ്റുകള്‍ നഷ്ടമായിരുന്നു. പരിക്കേറ്റ മായാങ്ക് അഗര്‍വാളിന് പകരം ഇന്നലെ നയിച്ച സീനിയര്‍ താരം ശിഖര്‍ ധവാനെയാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. 11 പന്തുകളില്‍ എട്ടു റണ്‍സ് നേടിയ ധവാനെ ഭുവനേശ്വര്‍ കുമാര്‍ ജാന്‍സന്റെ പന്തില്‍ പിടികൂടുകയായിരുന്നു.അഞ്ചാം ഓവറില്‍ നടരാജന്‍ പ്രഭ്‌സിമ്രാന്‍ സിംഗിനെ(14) വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്റെ കയ്യിലെത്തിച്ചു. ടീം സ്‌കോര്‍ 48ലെത്തിയപ്പോള്‍ ബെയര്‍‌സ്റ്റോയും (12) മടങ്ങി. സുചിത്തിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു ബെയര്‍‌സ്റ്റോ. എട്ടാം ഓവറില്‍ ഉമ്രാന്‍ മാലിക്കിന്റെ അതിവേഗപന്തില്‍ ജിതേഷ് ശര്‍മ്മ(11) റിട്ടേണ്‍ ക്യാച്ച് നല്‍കിയതോടെ പഞ്ചാബ് 61/4 എന്ന നിലയിലായി.

അഞ്ചാം വിക്കറ്റില്‍ ക്രീസില്‍ ഒരുമിച്ച ലിയാം ലിവിംഗ്സ്റ്റണും ഷാറുഖ് ഖാനും (26) കൂട്ടിച്ചേര്‍ത്ത 71റണ്‍സാണ് പഞ്ചാബിനെ 151 റണ്‍സിലെത്തിച്ചത്.22 പന്തുകളില്‍ ഒരു ഫോറും രണ്ട് സിക്‌സും പായിച്ച ഷാറുഖിനെ ഭുവനേശ്വര്‍ വില്യംസണിന്റെ കയ്യിലെത്തിച്ചാണ് സഖ്യം തകര്‍ത്തത്.33 പന്തുകളില്‍ അഞ്ചു ഫോറും നാലുസിക്‌സുമടക്കം 60 റണ്‍സടിച്ച ലിവിംഗ്സ്റ്റണിനെ 19-ാം ഓവറിന്റെ അവസാന പന്തില്‍ ഭുവനേശ്വര്‍ തന്നെ വില്യംസണിന്റെ കയ്യിലെത്തിച്ചു.