ഇന്ത്യയെ ചർച്ചയ്ക്ക് ക്ഷണിച്ച് പാകിസ്താൻ പ്രധാനമന്ത്രി; നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്തിന് മറുപടി നൽകി പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. ഇന്ത്യയെ അദ്ദേഹം ചർച്ചയ്ക്കായി ക്ഷണിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ സമാധാനവും ഐക്യവും ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷഹബാസ് ഷെരീഫിന് നരേന്ദ്ര മോദി അഭിനന്ദന സന്ദേശം അറിയിച്ചിരുന്നു. ഈ കത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.

അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ട് ഇമ്രാൻ ഖാൻ പടിയിറങ്ങിയതോടെയാണ് ഷഹ്ബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയുമായി നല്ല ബന്ധം നിലനിർത്തണം എന്നാണ് ആഗ്രഹമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നേരത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ അസംബ്ലിയിൽ നടത്തിയ ആദ്യ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായുള്ള ബന്ധത്തിൽ സുസ്ഥിര സമാധാനം ഉറപ്പാക്കാൻ കശ്മീർ വിഷയം രമ്യമായി പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് ഷെരീഫ് പാകിസ്താന്റെ 23 -ാം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) അദ്ധ്യക്ഷനുമാണ് ഷഹബാസ് ഷരീഫ്. ഇമ്രാൻ ഖാൻ സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം.