പാകിസ്താനില്‍ പിടിമുറുക്കാന്‍ ഐഎസ്; ഇന്ത്യക്ക് ഭീഷണി

അഫ്ഗാനില്‍ നിലനില്‍പ്പില്ലാതായ ഐഎസ് ഭീകരര്‍ പാകിസ്താനില്‍ താവളമുറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. സാമ്പത്തികമായും രാഷ്ട്രീയമായും പ്രതിസന്ധിയിലായ പാക്കിസ്താനില്‍ ഐ എസ് താവളമുറപ്പിക്കുന്നത് ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. പടിഞ്ഞാറന്‍ അഫ്ഗാനിസ്താനിലെ നര്‍ഗര്‍ഹര്‍ പ്രവിശ്യയിലായിരുന്നു പ്രധാനമായും എ എസിന്റെ ആധിപത്യമുണ്ടായിരുന്നത്. നിരന്തരമായി നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് അന്ന് അമേരിക്കന്‍ സൈന്യം ഐ എസിനെ തകര്‍ത്തത്. എന്നിട്ടും, അതിജീവിച്ച ഐ എസ് 2021 ഓഗസ്ത് 26-ന് കാബൂള്‍ വിമാനത്താവളത്തില്‍ 40 പേര്‍ കൊല്ലപ്പെടാനിടയായ ചാവേര്‍ ബോംബാക്രമണങ്ങള്‍ നടത്തി ലോകത്തെ ഞെട്ടിച്ചിരുന്നു.

നിലവില്‍ അഫ്ഗാന്‍ താലിബാനുമായി സംഘര്‍ഷത്തിലായ പാക് താലിബാന്‍ പാകിസ്താന്‍ ഭരണകൂടത്തിനും സൈന്യത്തിനും തലവേദന ഉയര്‍ത്തുന്ന സമയത്താണ് ഐ എസ് പാക്കിസ്താനെ ലക്ഷ്യമിട്ടത്. കരാര്‍ വ്യവസ്ഥകള്‍ സര്‍ക്കാര്‍ ലംഘിച്ചു എന്നാരോപിച്ചാണ് പാക് താലിബാന്‍ കരാറില്‍നിന്നും ഏകപക്ഷീയമായി പിന്‍മാറിയത്. തുടര്‍ന്ന് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ച അഫ്ഗാന്‍ താലിബാന്‍ പാക് താലിബാനെതിരെ തിരിഞ്ഞു. നിരവധി പാക് താലിബാന്‍കാരെ അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അഫ്ഗാന്‍ താലിബാന്‍ വധിച്ചു. പാകിസ്താന്റെ മുന്നിലുള്ള ഏറ്റവും വലിയ ഭീഷണി തെഹ്രീകെ താലിബാന്‍ പാകിസ്താന്‍ ആണെന്നാണ് പാക് സൈന്യത്തിന്റെയും വിലയിരുത്തല്‍. അഫ്ഗാന്‍ മാതൃകയില്‍ പാക് ഭരണം പിടിച്ചടക്കി ഇസ്ലാമിക ശരീഅത്ത് പ്രകാരമുള്ള ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന തെഹ്രീകെ താലിബാന്‍ പാകിസ്താന്‍ ആയിരക്കണക്കിന് പാക് സൈനികരെ കൊന്നൊടുക്കുകയും സിവിലിയന്‍മാരെ ആക്രമിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ സഹായത്തോടെ പാക് സൈന്യം നടത്തിയ രക്തരൂക്ഷിതമായ പോരാട്ടത്തിലൂടെയാണ് അന്ന് സ്വാത് താഴ്വര പാക്കിസ്താന്‍ തിരിച്ചുപിടിച്ചത്. അഫ്ഗാനിസ്താനിലേതുപോലെ പാക് ഭരണം പിടിച്ചടക്കാന്‍ തങ്ങള്‍ക്കും കഴിയുമെന്ന് പിന്നീട് അവര്‍ പ്രഖ്യാപിച്ചു. പാക് സൈന്യത്തിനെതിരെ ഇവര്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്താനിലെ താലിബാന്റെ സഹായത്തോടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, വെടിനിര്‍ത്തല്‍ കരാറില്‍നിന്നു പിന്‍വാങ്ങി പാക് സൈന്യത്തിന് തലവേദനയായി തുടരുകയാണ് എഎസ് ഇപ്പോള്‍.

അഫ്ഗാനിസ്താനില്‍ തന്നെയുള്ള അല്‍ ഖാഇദ, ഐസിസ് എന്നീ സംഘങ്ങളുമായി പാക് താലിബാന്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. ആ സാഹചര്യം മുതലെടുത്താണ് ഐ എസ് ഇപ്പോള്‍ വടക്ക് പടിഞ്ഞാറന്‍ പാക്കിസ്താനിലേക്ക് നുഴഞ്ഞുകയറ്റം ശക്തമാക്കിയത്. എന്നാല്‍, പാകിസ്താനില്‍ ഐഎസും താലിബാനും ശക്തമാവുന്നത് ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്ക് വലിയ ഭീഷണിയാണ്.