ഐപിഎല്‍: ചെന്നൈക്കെതിരെ ഗുജറാത്തിന് തകര്‍പ്പന്‍ ജയം

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തകര്‍പ്പന്‍ ജയം. പൂനെയില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ഡേവിഡ് മില്ലര്‍ (51 പന്തില്‍ 94), റാഷിദ് ഖാന്‍ (21 പന്തില്‍ 40) എന്നിവരാണ് ഗുജറാത്തിന്റെ വിജയശില്‍പ്പികള്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 19.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് ലക്ഷ്യം മറികടുന്നു. ജയത്തോടെ ഗുജറാത്തിന് ആറ് മത്സരങ്ങളില്‍ 10 പോയിന്റായി. ഒന്നാം സ്ഥാനത്ത് തുടരുകയാണ് ടീം. ഇത്രയും മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള ചെന്നൈ ഒമ്ബതാമതാണ്.

മോശം തുടക്കമായിരുന്നു ഗുജറാത്തിന്. നാല് ഓവര്‍ പൂര്‍ത്തിയാവും മുമ്ബ് അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ മുകേഷ് റോബിന്‍ ഉത്തപ്പയുട കൈകളിലെത്തിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെയാണ് ഗില്‍ മടങ്ങുന്നത്. തൊട്ടടുത്ത ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ഗുജറാത്തിന് നഷ്ടമായി. വിജയ് ശങ്കറെ (0) നേരിട്ട രണ്ടാം പന്തില്‍ തന്നെ തീക്ഷ്ണ മടക്കി. എം എസ് ധോണിക്കായിരുന്നു ക്യാച്ച്. അതേ ഓവറില്‍ അഭിനവ് മനോഹറെ (12) മൊയീന്‍ അലിയുടെ കൈകളിലെത്തിച്ചു. പിന്നാലെ വൃദ്ധിമാന്‍ സാഹയും (11) പവലിയനില്‍ തിരിച്ചെത്തി. ഇതോടെ നാലിന് 48 എന്ന നിലയിലായിരുന്നു ഗുജറാത്ത്. തെവാട്ടിയയും (6) മടങ്ങിയതോടെ ഗുജറാത്ത് പ്രതിരോധത്തിലായി.

എന്നാല്‍, ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ കളിഗതി മറ്റി. കേവലം 21 പന്തുകള്‍ മാത്രം നേരിട്ട ക്യാപ്റ്റന്‍ 40 റണ്‍സ് അടിച്ചെടുത്തു. മൂന്ന് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു അഫ്ഗാന്‍ താരത്തിന്റെ ഇന്നിംഗ്സ്. ഡ്വെയ്ന്‍ ബ്രാവോയുടെ പന്തില്‍ പുറത്തായെങ്കിലും ഗുജറാത്തിന് പ്രതീക്ഷയുണ്ടായിരുന്നു. അടുത്ത പന്തില്‍ അല്‍സാരി ജോസഫ് മടങ്ങിയെങ്കിലും മില്ലര്‍ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവര്‍ എറിഞ്ഞ ക്രിസ് ജോര്‍ദാനെ സിക്സടിച്ചാണ് മില്ലര്‍ വിജയത്തേക്ക് അടുത്തത്. ഡ്വെയ്ന്‍ ബ്രാവോ മൂന്നും മഹീഷ് തീക്ഷണ രണ്ടും വിക്കറ്റ് നേടി. നേരത്തെ, പൂനെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയ്ക്ക് റിതുരാജ് ഗെയ്കവാദിന്റെ (73) അര്‍ധ സെഞ്ചുറിയാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 46 റണ്‍സെടുത്ത അമ്ബാട്ടി റായുഡുവും അവസരത്തിനൊത്ത് ഉയര്‍ന്നു. അല്‍സാരി ജോസഫ് ഗുജറാത്തിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. മോശം തുടക്കമായിരുന്നു ചെന്നൈയ്ക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 32 റണ്‍സ് മാത്രമുള്ളപ്പോള്‍ റോബിന്‍ ഉത്തപ്പ (3), മൊയീന്‍ അലി (1) എന്നിവരെ ചെന്നൈയ്ക്ക് നഷ്ടമായി. എന്നാല്‍ ഒരറ്റത്ത് ഗെയ്കവാദ് പിടിച്ചുനിന്നതോടെ റണ്‍സൊഴുകി.