കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല: വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനം ഇത്രയും കടക്കെണിയിലായ കാലമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീന്‍. കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സാധ്യമായാവര്‍ കുട്ടനാട് വിട്ട് പലായനം ചെയ്യുകയാണ്. ഒരു ഭാഗത്ത് ജപ്തി ഭീഷണിയും മറുഭാഗത്ത് വട്ടിപ്പലിശക്കാര്‍ വീടുകളില്‍ കയറി സ്ത്രീകളെ അപമാനിക്കലുമാണെന്ന് സതീശന്‍ ആരോപിച്ചു.

വേനല്‍മഴയില്‍ കൃഷി നശിച്ചതിനെ തുടര്‍ന്ന് തിരവല്ല നിരത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. പത്ത് ഏക്കറിലാണ് മരിച്ച രാജീവന്‍ പാട്ടകൃഷി നടത്തിയത്. ഇതില്‍ എട്ടേക്കര്‍ വെള്ളം കയറിയാണ് നശിച്ചത്. വിവിധ ബാങ്കുകളിലും സഹകരണ സംഘങ്ങളിലുമടക്കം ആറ് ലക്ഷത്തിലധികം രൂപ കടമുണ്ട്. മുന്‍കാലങ്ങളില്‍ നടന്ന കൃഷിനാശത്തിന്റെ നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ലെന്ന് അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകരും പറയുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജീവനടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയിലാണ്.

കൃഷിനാശത്തില്‍ കര്‍ഷക ആത്മഹത്യ നടന്ന അപ്പര്‍കുട്ടനാട്ടില്‍ യു.ഡി.എഫ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തും. അതേസമയം, കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് നേരത്തെ പറഞ്ഞിരുന്നു.