കടലാസും മഷിയുമില്ല; ശ്രീലങ്കയിൽ അച്ചടി മുടങ്ങിയതിനെ തുടർന്ന് വിദ്യാർത്ഥികളുടെ പരീക്ഷകൾ റദ്ദാക്കി

കൊളമ്പോ: ശ്രീലങ്കയിലെ പടിഞ്ഞാറൻ പ്രവിശ്യയിൽ ദശലക്ഷക്കണക്കിന് സ്‌കൂൾ വിദ്യാർത്ഥികളുടെ പരീക്ഷകൾ റദ്ദാക്കി. കടലാസും മഷിയുമില്ലാത്തതിനാൽ അച്ചടി മുടങ്ങിയതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം കടലാസ്, മഷി ഇറക്കുമതി നിലച്ചതാണ് അച്ചടി മുടങ്ങാൻ കാരണം.

1948 ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോൾ കടന്നു പോകുന്നത്. ഇതിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് രാജ്യം. രൂക്ഷമായ പേപ്പർ ക്ഷാമത്തെ തുടർന്ന് നാളെ മുതൽ ഒരാഴ്ച നടത്താനിരുന്ന ടേം ടെസ്റ്റുകൾ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി വിദ്യാഭ്യാസ അധികൃതർ അറിയിച്ചു.

ആവശ്യമായ പേപ്പറും മഷിയും ഇറക്കുമതി ചെയ്യുന്നതിന് പ്രിന്ററുകൾക്ക് വിദേശനാണ്യം സുരക്ഷിതമാക്കാൻ കഴിയാത്തതിനാൽ സ്‌കൂൾ പ്രിൻസിപ്പൽമാർക്ക് ടെസ്റ്റുകൾ നടത്താൻ കഴിയില്ലെന്ന് പശ്ചിമ പ്രവിശ്യയിലെ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. രാജ്യത്തെ 4.5 ദശലക്ഷം വിദ്യാർത്ഥികളിൽ ഏകദേശം മൂന്നിൽ രണ്ട് പേർക്കും പരീക്ഷകൾ നിർത്തലാക്കുന്ന നടപടി ബാധിക്കും. വർഷാവസാനം വിദ്യാർത്ഥികളെ അടുത്ത ഗ്രേഡിലേക്ക് പ്രമോട്ടുചെയ്യണോ എന്ന് തീരുമാനിക്കുന്നതിനുള്ള തുടർച്ചയായ മൂല്യനിർണ്ണയ പ്രക്രിയയുടെ ഭാഗമാണ് ടേം ടെസ്റ്റുകൾ.