എന്താണ് ഫ്രോസണ്‍ ഷോള്‍ഡര്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് പല ആരോഗ്യ പ്രശ്‌നങ്ങളും നേരിടാൻ സാധ്യതയുണ്ട്. തോൾ വേദനയും, കഴുത്ത് വേദനയും, നടുവേദനയുമെല്ലാം ഇവർക്ക് ഉണ്ടാകാറുണ്ട്. തോൾഭാഗത്ത് കടുത്ത വേദനയും ചലനങ്ങൾക്ക് പരിമിതിയും വരുന്നൊരു അവസ്ഥയാണ് ഫ്രോസൻ ഷോൾഡർ. സാധാരണഗതിയിൽ പ്രമേഹമുള്ളവരിലും എന്തെങ്കിലും തരത്തിലുള്ള പരിക്ക് പറ്റിയവരിലുമെല്ലാമാണ് ഫ്രോസൺ ഷോൾഡർ കാണപ്പെടുന്നത്.

തോൾഭാഗത്ത് എല്ലുകളെ ചേർത്തുവച്ചിരിക്കുന്ന സന്ധിക്ക് മുകളിലായുള്ള പാളി മുറുകിവരികയാണ് ഈ അവസ്ഥയിലുണ്ടാകുന്നത്. ഇതിന്റെ ഫലമായി വേദനയും ചലനങ്ങൾക്ക് പരിമിതിയും അനുഭവപ്പെടുന്നു.

മൂന്ന് ഘട്ടങ്ങളാണ് ഫ്രോസൻ ഷോൾഡറിനുള്ളത്. ഓരോ ഘട്ടവും മാസങ്ങളോളം നീണ്ടുനിൽക്കാം. ആദ്യഘട്ടത്തിൽ തോൾഭാഗം അനക്കുമ്പോൾ വേദന അനുഭവപ്പെടാം. കൈകളുടെ മുകൾഭാഗത്തും തോളിന്റെ പിൻഭാഗത്തുമെല്ലാം വേദനയുണ്ടാകാം. ചലനങ്ങൾക്ക് നിയന്ത്രണം വരുന്നത് പോലെയുള്ള അനുഭവവും ഈ ഘട്ടത്തിൽ തന്നെയുണ്ടാകാം.

രണ്ടാം ഘട്ടത്തിൽ വേദന അൽപം കൂടി കൂടുന്നു. അതുപോലെ തന്നെ ചലനങ്ങൾ വീണ്ടും പരിമിതപ്പെടുന്നു. ഈ ഘട്ടത്തിൽ രാത്രിയിൽ വേദന കൂടുകയും ഇത് ഉറക്കത്തെ ബാധിക്കുകയും ചെയ്യാം. ക്രമേണ പകൽസമയത്തെ പ്രവർത്തികളും ബാധിക്കപ്പെടുന്നു. വീട്ടിലെ ജോലിയോ ഓഫീസ് ജോലിയോ എന്തുമാകട്ടെ, അതിലും മോശമായ സ്വാധീനം രോഗം ചെലുത്തുന്നു. പ്രിയപ്പെട്ടവരുമായുള്ള ബന്ധങ്ങളിൽ വരെ പ്രശ്നമുണ്ടാക്കാൻ രോഗങ്ങൾക്ക് സാധ്യമാണ്. അത്തരം സാധ്യതകളെല്ലാം ഈ അസുഖത്തിന്റെ കാര്യത്തിലും സംഭവിക്കാം. എപ്പോഴും ദേഷ്യം, നിരാശ പോലുള്ള അവസ്ഥകൾ അനുഭവപ്പെടാനും സാധ്യതയുണ്ട്.

മൂന്നാം ഘട്ടത്തിൽ രോഗം മൂർച്ഛിക്കും. വേദനയും തോൾഭാഗം അനക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകും. ഈ ഘട്ടത്തിലേക്ക് എത്തുന്ന രോഗികളെ തിരിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.