യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ 200 വിവിഐപികൾ: ചടങ്ങ് നടക്കുക മാർച്ച് 25 ന്

ലക്നൗ: ഉത്തർപ്രദേശിൽ രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറെടുത്ത് യോഗി ആദിത്യനാഥ്. ഗംഭീര ചടങ്ങുകളാണ് സത്യപ്രതിജ്ഞയ്ക്കായി സംഘടിപ്പിക്കുന്നത്. മാർച്ച് 25 നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ പല പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ബി ജെ പി ദേശീയാദ്ധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ്, എസ് പി പ്രസിഡന്റ് അഖിലേഷ് യാദവ്, ബി എസ് പി നേതാവ് മായാവതി തുടങ്ങിയ നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.

അതേസമയം, രണ്ടാം യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ 45000 പേർ പങ്കെടുക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. 200 വി വി ഐ പികളും ചടങ്ങിന് സാക്ഷ്യം വഹിക്കും. കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മറ്റ് പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കുചേരും. 225 സീറ്റുകൾ നേടിയാണ് ഉത്തർപ്രദേശിൽ ബി ജെ പി അധികാരത്തിലേറുന്നത്.