കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട ക്രൂരതകള്‍ പുനരന്വേഷിക്കണം; പ്രത്യേക അന്വേണ സംഘത്തെ നിയോഗിക്കണം; രാഷ്ടപതിക്ക് കത്ത്‌

ന്യൂഡല്‍ഹി: കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല സംബന്ധിച്ച എല്ലാ കേസുകളും പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ വിനീത് ജിന്ദാലിന്റെ കത്ത്.

1989-1990 കാലഘട്ടത്തില്‍ കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട ക്രൂരതകള്‍ സമഗ്രമായി അന്വേഷിക്കണം. പ്രതികൂലമായ പല സാഹചര്യങ്ങളും കാരണം നിയമസംവിധാനത്തെ സമീപിക്കാന്‍ കഴിയാതെ പോയ ഇരകള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രത്യേക അന്വേഷണ സംഘം വരണമെന്നും അതിനായി നിര്‍ദേശം നല്‍കണമെന്നുമാണ് കത്തിലെ ആവശ്യം. 33 വര്‍ഷം മുമ്പ് നടന്ന സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുനരന്വേഷിക്കാമെങ്കില്‍ 27 വര്‍ഷം മുമ്പ് നടന്ന കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല കേസുകളും പുനരന്വേഷിക്കാമെന്നാണ് അഭിഭാഷകന്റെ വാദം. കലാപത്തില്‍ ഇരയായവര്‍ ഇപ്പോഴും ശാരീരികവും വൈകാരികവും മാനസികവുമായ ആഘാതത്തിലാണെന്നും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉപജീവനത്തിനായി പോരാടുന്നവരാണെന്നും ജിന്ദാല്‍ കത്തില്‍ വ്യക്തമാക്കുന്നു.

വിവേക് അഗ്‌നിഹോത്രിയുടെ സംവിധാനത്തിലൊരുങ്ങിയ ദി കശ്മീര്‍ ഫയല്‍സ് റിലീസ് ചെയ്തതിന് പിന്നാലെ ഒരുപാട് വിവാദങ്ങള്‍ക്ക് ചിത്രം വഴിവെച്ചിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പലായനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.