കോവിഡ് കേസുകളിൽ ഉടൻതന്നെ വൻ വർദ്ധനയുണ്ടാകും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഗൗരവതരമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് കേസുകളിൽ ഉടൻതന്നെ വൻ വർദ്ധനയുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം വീണ്ടും ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണെന്നും ഒരു തരംഗം കൂടി നാം പ്രതീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യൻ രാജ്യങ്ങളെയായിരിക്കും ഈ തരംഗം കൂടുതലായും ബാധിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങൾ എല്ലാവരും ഗൗരവമായി കോവിഡ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത് തുടരണം. പല രാജ്യങ്ങളിലും കൊവിഡ് പരിശോധന കുറവായതിനാൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം എല്ലായിടത്തും കുറവാണ്. അതിനാൽ തന്നെ ഇപ്പോൾ ഈ കാണുന്നത് വലിയൊരു മഞ്ഞു മലയുടെ അഗ്രം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് വൈറസ് വ്യാപനത്തിൽ എല്ലാ രാജ്യങ്ങളും ജാഗ്രത പുലർത്തണം. വാക്‌സിനേഷനും കോവിഡ് പരിശോധനകളും തുടരണം. ആരോഗ്യ പ്രവർത്തരുടെയും പ്രായമായവരുടെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു. എത്രയും വേഗം തന്നെ വാക്‌സിനേഷൻ പൂർത്തിയാക്കാൻ രാജ്യങ്ങൾ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച മാത്രം എട്ടു ശതമാനം വർദ്ധനവാണ് കോവിഡ് കേസുകളിൽ ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി രംഗത്തെത്തിയത്.