ക്യാൻസർ മരുന്നുകൾ ക്ഷയരോഗത്തെ പ്രതിരോധിച്ചേക്കാം; നിർണായക പഠനവുമായി ഗവേഷകർ

ക്ഷയ രോഗവുമായി ബന്ധപ്പെട്ട് നിർണായക പഠനവുമായി ഗവേഷകർ. ക്യാൻസർ മരുന്നുകൾ ക്ഷയരോഗത്തെ പ്രതിരോധിച്ചേക്കാമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ. ക്ഷയരോഗവും ക്യാൻസറും തമ്മിൽ ഒരു ബന്ധമുണ്ടെന്നും ഗവേഷകർ പറയുന്നു. സ്റ്റാൻഫോർഡ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. ക്ഷയരോഗമുള്ള ആളുകളുടെ ശ്വാസകോശത്തിലെ ‘ഗ്രാനുലോമകൾ’ എന്ന് വിളിക്കപ്പെടുന്ന ക്ഷതം കാൻസർ കോശങ്ങൾ അല്ലെങ്കിൽ അണുബാധകൾ എന്നിവക്കെതിരായ ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തെ കുറയ്ക്കാൻ അറിയപ്പെടുന്ന പ്രോട്ടീനുകളാൽ നിറഞ്ഞിരിക്കുന്നുവെന്നും പഠനത്തിൽ കണ്ടെത്തി.

ചിലതരം ക്യാൻസർ മരുന്നുകൾ പ്രതിരോധശേഷി കുറയ്ക്കുന്ന പ്രോട്ടീനുകളെ ലക്ഷ്യമിടുന്നു. മരുന്നുകൾ ക്യാൻസർ രോഗികളിൽ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ക്ഷയരോഗബാധയെ ചെറുക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ വേഗത്തിൽ ആരംഭിക്കാൻ കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. മൾട്ടിപ്ലക്സ്ഡ് അയോൺ ബീം ഇമേജിംഗ് ബൈ ടൈം ഓഫ് ഫ്‌ലൈറ്റ് (MIBI-TOF) എന്ന ഇമേജിംഗ് സാങ്കേതികതയാണ് ഗവേഷകർ ഉപയോഗിച്ചത്. ഈ ടെക്‌നിക് ഉപയോഗിച്ച് ക്ഷയരോഗമുള്ള 15 ആളുകളിൽ നിന്ന് ശ്വാസകോശത്തിലെയും മറ്റ് കോശങ്ങളിലെയും ഗ്രാനുലോമകളിലെ പ്രതിരോധശേഷി കുറയ്ക്കുന്ന പ്രോട്ടീനുകളുടെ സ്ഥാനം നിരീക്ഷിച്ചു.

രണ്ട് പ്രോട്ടീനുകളുടെ ഉയർന്ന അളവുകൾ ഗവേഷകർ കണ്ടെത്തി. PD-L1, IDO1 – അത് ക്യാൻസറിനുള്ള പ്രതിരോധ പ്രതികരണത്തെ അടിച്ചമർത്താൻ കഴിയും. അവ പലപ്പോഴും ട്യൂമർ ടിഷ്യുകളിൽ കാണപ്പെടുന്നു. ക്യാൻസർ മരുന്നുകളാണ് ഈ പ്രോട്ടീനുകൾ ലക്ഷ്യമിടുന്നതെന്ന് നേച്ചർ ഇമ്മ്യൂണോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഗവേഷകർ 1500 ത്തിൽ അധികം ആളുകളിൽ നിന്ന് ശേഖരിച്ച രക്തസാമ്പിളുകൾ പരിശോധിച്ചപ്പോൾ PD-L1 ന്റെ അളവ് ക്ലിനിക്കൽ ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. ഒളിഞ്ഞിരിക്കുന്നതോ ലക്ഷണങ്ങളില്ലാത്തതോ ആയ അണുബാധയുള്ള രോഗികൾക്ക് അവരുടെ രക്തത്തിൽ PD-L1 ന്റെ അളവ് കുറവായിരുന്നു. മാത്രമല്ല ഉയർന്ന PD-L1 അളവുള്ളവരേക്കാൾ അണുബാധയിലേക്ക് പുരോഗമിക്കാനുള്ള സാധ്യത കുറവാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.