എല്‍ജെഡി-ആര്‍ജെഡി ലയനം: 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരേ പാതയില്‍ സഞ്ചരിക്കാനൊരുങ്ങി ജനതാദള്‍ പാര്‍ട്ടികള്‍

പട്ന: ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദളും (എല്‍ജെഡി) ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും ഒന്നായി. ന്യൂഡല്‍ഹിയില്‍ ശരദ് യാദവിന്റെ ഔദ്യോഗിക വസതിയിലാണ് ഔപചാരിക ലയന ചടങ്ങ്. എന്നാല്‍, പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയില്‍ ചര്‍ച്ച ചെയ്യാതെ ശരദ് യാദവ് ഏകപക്ഷീയമായാണു ലയനം പ്രഖ്യാപിച്ചതെന്ന് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ പറഞ്ഞു. അതിനാല്‍ ആര്‍ജെഡി എല്‍ജെഡി ലയനത്തില്‍ നിന്ന് എല്‍ജെഡി കേരള ഘടകം വിട്ടുനില്‍ക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ശരദ് യാദവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജനതാദള്‍ (യു) വിട്ടു എല്‍ജെഡി രൂപീകരിച്ചപ്പോള്‍ ജെഡിയു രാജ്യസഭാംഗത്വവുമായി ബന്ധപ്പെട്ട കേസ് കാരണം ശരദ് യാദവ് എല്‍ജെഡി ഭാരവാഹിത്വമേറ്റില്ല. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശരദ് യാദവ് ആര്‍ജെഡി ടിക്കറ്റില്‍ മത്സരിച്ചപ്പോള്‍ ആര്‍ജെഡിയില്‍ ലയിക്കാമെന്ന ധാരണയിലെത്തിയിരുന്നു. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകള്‍ കാരണം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷം ശരദ് യാദവ് ലയനക്കാര്യം നീട്ടിക്കൊണ്ടു പോയി. ‘രാജ്യത്ത് ശക്തമായ പ്രതിപക്ഷമുണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പഴയ ജനതാദളില്‍ നിന്നും പിരിഞ്ഞുപോയ പാര്‍ട്ടികളെയും സമാന ചിന്താഗതിയുള്ള മറ്റ് പാര്‍ട്ടികളെയും ഒന്നിപ്പിക്കാന്‍ ഞാന്‍ വളരെക്കാലമായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍, എന്റെ പാര്‍ട്ടിയായ എല്‍ജെഡിയെ ആര്‍ജെഡിയില്‍ ലയിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു’- ശരദ് യാദവ് വ്യക്തമാക്കി.

അതേസമയം, ‘ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവിന്റെ പ്രാധാന്യം എല്ലാവര്‍ക്കും അറിയാം. അദ്ദേഹം പിതൃതുല്യനാണ്. ഞങ്ങളെ നയിക്കും’- തേജസ്വി യാദവ് അഭിപ്രായപ്പെട്ടു. ‘പ്രതിപക്ഷ ഐക്യത്തിലേക്കുള്ള ആദ്യപടിയാകും ലയനം. ശരദ് യാദവ് രാഷ്ട്രീയ ഭിന്നതകള്‍ക്കതീതമായി ആദരവ് നേടിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ആര്‍ജെഡിക്ക് മുതല്‍ക്കൂട്ടാവുമെന്നും’ ആര്‍ജെഡി ദേശീയ വക്താവ് സുബോധ് മേത്ത പറഞ്ഞു. 1997ലാണ് ലാലു പ്രസാദ് യാദവ് ആര്‍ജെഡി രൂപീകരിച്ചത്.